നാമക്കൽ: കഴിഞ്ഞ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ തമിഴ്നാട്ടിൽനിന്നുള്ള പ്രതിനിധിയായി സ്ഥാനമേറ്റ ബിജെപി നേതാവ് എൽ. മുരുകന്റെ മാതാപിതാക്കളാണ് മകന്റെ നേട്ടത്തിന്റെ പങ്കുപറ്റാൻ തയ്യാറാകാതെ ലളിത ജീവിതം നയിക്കുന്നത്. മകന്റെ നേട്ടത്തിൽ ഏറെ അഭിമാനം ഉണ്ടെന്നും എന്നാൽ അതിന്റെ പങ്കുപറ്റാൻ ഇരുവരും തയാറല്ലെന്നും മുരുകന്റെ മാതാപിതാക്കളായ ലോകനാഥനും വരുദമ്മാളും പറയുന്നു. മകൻ കേന്ദ്ര മന്ത്രി സ്ഥാനത്ത് എത്താനായി തങ്ങൾ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും ഇനിയും കൃഷിയും കൂലിവേലയും ചെയ്തു തന്നെ ജീവിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
നാമക്കല്ലിലെ ആസ്ബെറ്റോസ് ഷീറ്റിറ്റ കൊച്ചുവീട്ടിൽ താമസിക്കുന്ന ഇവർ കാലങ്ങളായി കൂലിവേല ചെയ്താണു ഉപജീവനം നടത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനായതിനു ശേഷം നാട്ടിലെത്തിയ എൽ. മുരുകനെ സാധാരണ രീതികളിൽ തന്നെയാണ് ദമ്പതികൾ സ്വീകരിച്ചത്. ‘ബിജെപി സംസ്ഥാന അധ്യക്ഷനെക്കാൾ വലുതാണോ കേന്ദ്ര മന്ത്രി സ്ഥാനം?’ എന്നായിരുന്നു കേന്ദ്ര മന്ത്രിയായ കാര്യം ഫോണിൽ വിളിച്ചറിയിച്ചപ്പോൾ ഇരുവരും മുരുകനോടു ചോദിച്ചത്.
ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പണം കടം വാങ്ങിയാണ് ഇരുവരും മുരുകനെ പഠിപ്പിച്ചത്. ചെന്നൈയിൽ തനിക്കൊപ്പം വന്നു നിൽക്കാൻ മുരുകൻ നിർബന്ധിക്കാറുണ്ടെങ്കിലും അപൂർവം അവസരങ്ങളിൽ മാത്രമാണു ക്ഷണം സ്വീകരിച്ചിട്ടുള്ളതെന്നും ഇവർ പറയുന്നു. മകന്റെ തിരക്കിട്ട ജീവിതവുമായി യോജിച്ചു പോകാനാകില്ലെന്നും ഗ്രാമം തന്നെയാണു പ്രിയമെന്നും ഇവർ വ്യക്തമാക്കി. മകൻ നല്ല നിലയിൽ എത്തുക എന്നല്ലാതെ മാതാപിതാക്കൾ എന്ന നിലയിൽ ഇതിനപ്പുറം തങ്ങൾക്ക് എന്താണ് വേണ്ടതെന്നും ഇരുവരും ചോദിക്കുന്നു.
Post Your Comments