ജോധ്പൂര്‍: കഠിനാധ്വാനത്തിലൂടെ ജീവിത വിജയം സ്വന്തമാക്കിയ 40കാരി മാതൃകയാകുന്നു. ശുചീകരണ തൊഴിലാളിയായിരുന്ന ആശ കണ്ഡാര്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച് രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ഇടംനേടി. ശുചീകരണം നടത്തുന്ന ആശയുടെ മുന്‍കാല ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
രാജസ്ഥാനിലെ ശുചീകരണ തൊഴിലാളിയായിരുന്നു ആശ കണ്ഡാര. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശയെ ഭര്‍ത്താവ് ഉപേക്ഷിച്ചു. രണ്ട് കുട്ടികളുമായി ജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴാണ് തുടര്‍ പഠനത്തെക്കുറിച്ച് ആശ ചിന്തിക്കുന്നത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ആശ കണ്ഡാര്‍ 2018ലാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. പിന്നീട് ഇവര്‍ രാജസ്ഥാനിലെ ജോഥ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.
‘എനിക്ക് ഈ നിലയിലെത്താന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇത് സാധിക്കും. എന്റെ അച്ഛന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നു. പഠിച്ച് മുന്നേറാനാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്. എന്നെ പോലെയുള്ള സാധാരണക്കാരായവരെ സഹായിക്കാന്‍ വേണ്ടിയാണ് ഞാന്‍ അഡ്മിനിസ്‌ട്രേഷന്‍ തെരഞ്ഞെടുത്തത്. വിദ്യാഭ്യാസമാണ് എല്ലാത്തിനുമുള്ള ഉത്തരം’- ആശ പറഞ്ഞു. ഡെപ്യൂട്ടി കളക്ടറായി ആശയ്ക്ക് ഉടന്‍ നിയമനം ലഭിക്കും.
Post Your Comments