ന്യൂഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്‍റ് വർഷകാല സമ്മേളനത്തിൽ എല്ലാവരുടെയും നിർദേശങ്ങൾ കേൾക്കുമെന്നും എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്ററി കാര്യമന്ത്രി പ്രൾഹാദ് ജോഷി വിളിച്ച സർവകക്ഷി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, കർഷക സമരം ഇന്ധന വിലവർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ഈ വിഷയങ്ങൾ ഇരുസഭകളിലും ഉന്നയിക്കണമെന്നും പ്രതിപക്ഷ പാർട്ടികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. സഭയിൽ കേന്ദ്രസർക്കാർ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എന്‍ഡിഎ യോഗവും ചേർന്നിരുന്നു.
പാർലമെന്റിലെ ഇരുസഭകളിലും അർഥപൂർണമായ ചർച്ചകൾ ഉണ്ടാവണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അംഗങ്ങളുടെ നിർദേശങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ ഉണ്ടാകുമെന്നും സമ്മേളനം തടസ്സങ്ങളില്ലാതെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏൽപ്പിക്കപ്പെട്ട ദൗത്യങ്ങൾ പൂർണമായി നിർവഹിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അടുത്തമാസം 13 വരെയാണ് സമ്മേളനം.
Post Your Comments