ദുബായ്: ടി20 ലോകകപ്പ് ഗ്രൂപ്പ് ക്രമം പുറത്തുവിട്ട് ഐസിസി. ഒമാനില്‍ നടന്ന ചടങ്ങിലാണ് ഐ.സി.സിയുടെ പ്രഖ്യാപനം. നറുക്കെടുപ്പിൽ ഐസിസി അധികൃതരും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും പങ്കെടുത്തു. രണ്ട് ഗ്രൂപ്പുകളായാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരേ ടീമിലാണുള്ളത്. പാകിസ്ഥാന് പുറമെ ന്യൂസീലൻഡ്, അഫ്‌ഗാനിസ്ഥാൻ എന്നിവരും ഇന്ത്യയ്‌ക്കൊപ്പം ഒരേ ഗ്രൂപ്പിലാണുള്ളത്.
ടീം പ്രഖ്യാപനം ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങൾ. ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അന്ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി വെസ്റ്റിൻഡീസ് കിരീടം ചൂടിയിരുന്നു.
ബംഗ്ലദേശ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്‌കോട്ലന്‍ഡ്, നമീബിയ, ഒമാന്‍, പാപുവ ന്യൂഗിനി എന്നീ 8 ടീമുകളാണ് ആദ്യ ഘട്ടത്തില്‍ രണ്ട് ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുക. ഈ ഓരോ ഗ്രൂപ്പില്‍നിന്നും രണ്ട് ടീമുകള്‍ വീതം രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടും. ഈ 4 ടീമുകളും ടി20 റാങ്കിംഗിലെ ആദ്യ 8 സ്ഥാനക്കാരുമായി കൊമ്പുകോർക്കും. ഒക്ടോബര്‍ 24 മുതല്‍ ആരംഭിക്കുന്ന നടക്കുന്ന സൂപ്പര്‍ 12 റൗണ്ട് ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ്.
ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്കും ദുബായ് വേദിയാകുന്നതിനാൽ ഇന്ത്യൻ ടീമും മറ്റ് ടീമുകളിലെ താരങ്ങളും സെപ്തംബറോടെ യുഎഇയിലെത്തും എന്നാണ് റിപ്പോർട്ടുകൾ. ടി20 ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പാകും ഐപിഎൽ അവസാനിക്കുക. നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഇന്ത്യൻ സീനിയർ ടീം. മാഞ്ചസ്റ്ററിൽ സെപ്തംബർ 10 മുതൽ 14 വരെയാണ് അവസാന ടെസ്റ്റ്.
Post Your Comments