KeralaLatest NewsNewsIndia

‘കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് ആദ്യമായി പറഞ്ഞത് കിറ്റെക്സിന്റെ മുതലാളി സാബു ജേക്കബ് അല്ല’: വൈറൽ കുറിപ്പ്

കൊച്ചി: തുടർച്ചയായ പരിശോധനയിൽ പൊറുതിമുട്ടി കിറ്റെക്സ് കേരളം വിട്ടത് ഏറെ ചർച്ചയായിരുന്നു. കേരളം വിടുകയാണെന്ന് വ്യക്തമാക്കി കിറ്റെക്സ് എം ഡി സാബു ജേക്കബ് രംഗത്ത് വന്നതോടെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന സന്ദേശം സാബു ജേക്കബ് പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മന്ത്രിക്കസേരയിലുള്ളവർ തന്നെ രംഗത്ത് വന്നിരുന്നു. ഇത്തരക്കാർക്ക് കൃത്യമായ മറുപടി നൽകുകയാണ് രാജീവ് മേനോൻ എന്ന യുവാവ്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് ആദ്യമായി പറഞ്ഞത് കിറ്റെക്സിന്റെ മുതലാളി സാബു ജേക്കബ് അല്ലെന്നും അത് 1989 ൽ വരവേൽപ്പ് എന്ന സിനിമയുടെ തിരക്കഥയെഴുതിയ ശ്രീനിവാസനാണെന്നും രാജീവ് ചൂണ്ടിക്കാണിക്കുന്നു.

കേരളം ഒരു മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായതുകൊണ്ടാണല്ലോ അന്തൂരിലെ സാജനും, ആലപ്പുഴയിൽ ഓട്ടോമൊബൈൽ വർക്ഷോപ്പ് തുടങ്ങിയ പ്രവാസിക്കും, നേരിട്ട് വിസയെടുത്ത് പരലോകത്തേക്ക് പോകേണ്ടി വന്നത് എന്ന് ചോദിക്കുകയാണ് രാജീവ്. ഏതു തട്ടിൽ വച്ച് തൂക്കി നോക്കിയാലും സ്വന്തമായി ഒരു തൊഴിലും പണിയും ചെയ്യാത്ത, അദ്ധ്വാനത്തിന്റെ വിലയറിയാത്ത, പത്തുപേർക്കെങ്കിലും ജോലിയോ ശമ്പളമോ കൊടുക്കാൻ കഴിവില്ലാത്ത രാഷ്ട്രീയക്കാരേക്കാളൊക്കെ മുകളിലാണ് സാബു ജേക്കബ് എന്ന കോർപ്പറേറ്റ് മുതലാളിയുടെ സ്ഥാനമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

രാജീവ് മേനോൻ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ്:

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് ആദ്യമായി പറഞ്ഞത് കിറ്റെക്സിന്റെ മുതലാളി സാബു ജേക്കബ് അല്ല. 1989 ൽ വരവേൽപ്പ് എന്ന സിനിമയുടെ തിരക്കഥയെഴുതിയ ശ്രീനിവാസനാണ്. വരവേൽപ്പ് ഇറങ്ങിയത് 1989 ൽ ആണെങ്കിലും, അതിനും പതിറ്റാണ്ടുകൾക്ക് മുൻപ് ശ്രീനിവാസന്റെ അച്ഛനുണ്ടായ നേരനുഭവങ്ങളാണ് ആ സിനിമയ്ക്ക് പുറകിൽ എന്ന് ശ്രീനിവാസൻ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. അവിടെ തുടങ്ങി ഇത്രയും കാലമായിട്ടും നമ്മുടെ നിക്ഷേപക വിരുദ്ധമനോഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെങ്കിൽ അത് മലയാളിയുടെ ജെനിറ്റിക്കൽ ആയിട്ടുള്ള പ്രശ്നമാണെന്ന് കരുതണം. കേരളത്തിലെ ഏറ്റവും വലിയ വ്യവസായിയായ സാബു ജേക്കബ്, കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ല എന്ന് തുറന്നു പറഞ്ഞതോടെ അദ്ദേഹം കേരളത്തെ അപമാനിച്ചു കളഞ്ഞു എന്നാണ് ചില പുത്തൻകൂറ്റ് കേരള സ്നേഹികളുടെ കരച്ചിൽ. കേരളം ഒരു മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായതുകൊണ്ടാണല്ലോ അന്തൂരിലെ സാജനും, ആലപ്പുഴയിൽ ഓട്ടോമൊബൈൽ വർക്ഷോപ്പ് തുടങ്ങിയ പ്രവാസിക്കും, നേരിട്ട് വിസയെടുത്ത് പരലോകത്തേക്ക് പോകേണ്ടി വന്നത്!

Also Read:കേന്ദ്രസമീപനത്തില്‍ സന്തോഷവാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ , പദ്ധതികള്‍ക്കുള്ള കോടികളുടെ ഫണ്ട് ഉടന്‍ കേരളത്തിന്

ഇനി കാര്യത്തിലേക്ക് വരാം. കാര്യത്തിലേക്ക് വരാം എന്ന് പറയുമ്പോൾ ശരിയായ കാര്യത്തിലേക്ക് തന്നെ. അത് നിക്ഷേപസൗഹൃദത്തിനു വേണ്ടി കേരളത്തിലെ സർക്കാർ സഹിക്കുന്ന ത്യാഗങ്ങൾ പരിശോധിക്കലോ, കേരള രാജ്യത്തിൽ എത്രയും പരിപാവനമായി കാത്തുസൂക്ഷിച്ചു പോരുന്ന തൊഴിൽ/പരിസ്ഥിതി നിയമങ്ങൾ സാബു ജേക്കബ് ലംഘിച്ചുവോ എന്നതിന്റെയൊക്കെ ശരിതെറ്റുകൾ ചികഞ്ഞു നോക്കലോ അല്ല. പകരം, കേരളത്തിലെ അരിയാഹാരം കഴിക്കുന്ന, സാമാന്യബുദ്ധിയുള്ള ആളുകൾക്ക് ഏവർക്കും അറിയാമെങ്കിലും അവർ പുറത്തുപറയാൻ മടിക്കുന്ന ചില കാര്യങ്ങളിലേക്ക് ഒന്നെത്തിനോക്കുകയാണ്. നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരുടെ വരുമാന മാർഗ്ഗം എന്താണ്? ഒരു കിലോ സർഫ് പൗഡറിന് 180 രൂപ വിലയുയുണ്ട്. എന്നും അലക്കിത്തേച്ച വെളുത്ത ഷർട്ടുമിട്ട് നടക്കണമെങ്കിൽ മിനിമം ഒരു മാസം 180 രൂപയ്ക്ക് ഒരുപാക്കറ്റ് സർഫ് വാങ്ങണമല്ലോ? അത് വാങ്ങാനുള്ള കാശ് രാഷ്ട്രീയക്കാർക്ക് എവിടെനിന്നാണ് കിട്ടുന്നത്? അവർ ജനങ്ങൾക്ക് ചെയ്തു ‌കൊടുക്കുന്ന സേവനങ്ങൾക്ക് ടിപ്സ് കിട്ടുന്നതാണോ? പണം ഉണ്ടാക്കുന്നതിനു വേണ്ടി അവർ വല്ല ജോലിയോ കച്ചവടമോ ചെയ്യുന്നുണ്ടോ? പാർട്ടികൾ രാഷ്ട്രീയ പ്രവർത്തകർക്ക് മാസം തോറും വലിയ ശമ്പളം നൽകുന്നുണ്ടോ? പെട്രോളിന് ഈവിധം വിലയുടെണ്ടങ്കിലും ഇന്നോവ കാറിൽ ഇരുപത്തിനാലു മണിക്കൂറും കറങ്ങി നടക്കുന്ന എത്രയോ രാഷ്ട്രീയക്കാർ കേരളത്തിലുണ്ട്? അവരൊക്കെ അവരുടെ പാർട്ടികളിൽ നിന്ന് മാസം തോറും ലക്ഷക്കണക്കിന് രൂപ ശമ്പളം കൈപ്പറ്റുന്നവരാണോ? പല രാഷ്ട്രീയക്കാരുടെയും ആസ്തികൾ കേട്ടാൽ നമ്മൾ ഞെട്ടിപ്പോകും. ഈ പണമൊക്കെ ഇവർക്ക് എവിടെനിന്നാണ് ഉണ്ടാകുന്നത്?

ഉത്തരം വളരെ സിംപിൾ ആണ്, അന്യൻ വിയർക്കുന്ന കാശിൽ നിന്ന് പങ്കുപറ്റിയാണ് അവരിൽ മിക്കവരുടെയും ജീവിതം. വരവേൽപ്പ് സിനിമയിയിലെ രാഷ്ട്രീയ നേതാവിനോട് മോഹൻലാലിലിന്റെ കഥാപാത്രം പറയുന്ന “തൊഴിലാളികളുടെ ചോര കുടിച്ചു വളരുന്ന അട്ടയാണ് നിങ്ങൾ” ആ ഡയലോഗിൽ ഒരു തിരുത്ത് ആവശ്യമുണ്ട്. ‘ഒരേസമയം തൊഴിലാളിയുടെയും, മുതലാളിയുടെയും ചോരകുടിച്ചു വളരുന്ന അട്ട’ എന്നായിരുന്നു എഴുതേണ്ടിയിരുന്നത്. ഏതു തട്ടിൽ വച്ച് തൂക്കി നോക്കിയാലും സ്വന്തമായി ഒരു തൊഴിലും പണിയും ചെയ്യാത്ത, അദ്ധ്വാനത്തിന്റെ വിലയറിയാത്ത, പത്തുപേർക്കെങ്കിലും ജോലിയോ ശമ്പളമോ കൊടുക്കാൻ കഴിവില്ലാത്ത രാഷ്ട്രീയക്കാരേക്കാളൊക്കെ മുകളിലാണ് സാബു ജേക്കബ് എന്ന കോർപ്പറേറ്റ് മുതലാളിയുടെ സ്ഥാനം. രാഷ്ട്രീയം കയ്യാളുന്ന അതേ സമയത്തുതന്നെ അദ്ദേഹം തൊഴിലെടുക്കുകയും, മറ്റുള്ളവർക്ക് തൊഴിലും ശമ്പളവും നൽകുകയും ചെയ്യുന്നു.

Also Read:‘വ്യാജ ഓഫറുകള്‍ പ്രചരിക്കുന്നു’: വഞ്ചിതരാകരുതെന്ന് ലുലു ഗ്രൂപ്പ്

കേരളത്തിൽ സാബുജേക്കബിന്‌ മാത്രം എന്താണ് പ്രശ്നം? എന്നാണ് നിഷ്കളങ്കരായ പാവം ചില രാഷ്ട്രീയക്കാരുടെ ചോദ്യം. യൂസഫലി സാഹിബിനെപ്പോലെ എത്രയോ നല്ലവരായ മുതലാളിമാർ കേരളത്തിലെ നിക്ഷേപാന്തരീക്ഷത്തിൽ ആകൃഷ്ടരായി നിക്ഷേപത്തിന് വരുന്നു. അവരെയൊന്നും ആരും ശല്യം ചെയ്യുന്നില്ലല്ലോ? എന്ന് ചോദിക്കുന്ന രീതിയിൽ അത്രയും ശുദ്ധമാണ് രാഷ്ട്രീയക്കാരുടെ നിഷ്കളങ്കതയുടെ ലൈൻ. എങ്കിൽ സന്ദർഭം വിശദീകരിച്ച് അതിന്റെ ആശയം ഇവിടെ വ്യക്തമാക്കാം. യൂസഫലി സാഹിബോ, രവി പിള്ളയോ, സ്വന്തമായി ട്വൻറി ട്വൻറി പോലെ ഒരു പാർട്ടി ഉണ്ടാക്കി നിലവിലുള്ള രാഷ്ട്രീയപ്പാർട്ടികൾക്ക് എതിരായി കളത്തിലിറങ്ങി നോക്കട്ടെ, അപ്പോൾ കാണാം അന്യന്റെ ചോരകുടിച്ച് വീർത്ത ഈ കുളയട്ടകൾ ഒന്നടങ്കം അവരെയും വേട്ടയാടുന്നത്. സാബു ജേക്കബ് ഈ വ്യവസായങ്ങൾ തുടങ്ങിയിട്ട് കാലം കുറച്ചായി, അതൊക്കെ വലിയ തോതിൽ വളർന്നു. ഇരുപതിനായിരത്തിലധികം തൊഴിലാളികൾ അദ്ദേഹത്തിൻറെ സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നു എന്ന് പലയിടത്തു നിന്നും വായിച്ചറിയുകയുണ്ടായി. എന്നാൽ ഇടതനോ, വലതനോ, മധ്യമനോ ആയ അട്ടകൾക്ക് അദ്ദേഹത്തിൻറെ കമ്പനിയിൽ ഒരു യൂണിയൻ ഉണ്ടാക്കുന്നതിനോ, മറ്റേതെങ്കിലും വിധത്തിൽ സമ്മർദ്ദം ചെലുത്തി പൈസ പിടുങ്ങന്നതിനോ അവസരം ലഭിക്കുന്നില്ല. അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കാൻ പഞ്ചായത്തുവഴി ചില കരുനീക്കങ്ങളൊക്കെ നടത്തിനോക്കിയപ്പോൾ സാബു ജേക്കബ് സ്വന്തമായി പാർട്ടിയുണ്ടാക്കി പഞ്ചായത്ത് അങ്ങ് പിടിച്ചെടുത്തു. അങ്ങനെ ആ വഴിയും അടഞ്ഞു. അഞ്ചു കൊല്ലം കഴിഞ്ഞാൽ പഞ്ചായത്ത് തിരികെപ്പിടിക്കാം എന്ന സ്വപ്നം കണ്ടവരുടെ മുഖത്ത് അടിച്ചതുപോലെ അടുത്ത തെരെഞ്ഞെടുപ്പിൽ സമീപത്തെ നാലു പഞ്ചായത്തുകൾ കൂടി ട്വന്റി ട്വൻറി പിടിച്ചെടുത്തതോടെ, ഈ വൃക്ഷം ഇനി വലുതാകാൻ സമ്മതിക്കരുത് എന്ന് ഇടതനും വലതനും ഒരുപോലെ അങ്ങ് തീരുമാനിക്കുന്നു. എന്നിട്ട് ഒരേ ശ്രുതിയിലും താളത്തിലും അവർ കിറ്റെക്സ് മുതലാളിക്കെതിരെ കച്ചേരി ആരംഭിച്ചിരിക്കുന്നു. നേരിൽ കണ്ടാൽ പരസ്പരം പോരാടുന്ന ആ രണ്ടുകൂട്ടരും സാബു ജേക്കബിനെതിരെ നടത്തുന്ന കച്ചേരിയുടെ താളാത്മകതയും ലയഭംഗിയും ശ്രദ്ധിച്ചു നോക്കൂ. ഒരൊറ്റ ആശാന്റെ അടുത്തു സംഗീതം പഠിച്ച ശിഷ്യന്മാർ നടത്തുന്ന പാട്ടുകച്ചേരിയായേ കേൾക്കുന്നവർക്ക് തോന്നൂ. ഒരിടത്തുപോലും ആ യുഗ്മഗാനത്തിന്റെ താളം പിഴയ്ക്കുന്നില്ല. ശ്രുതിഭംഗമില്ല.

Also Read:ഡോമിനർ 250 മോട്ടോർസൈക്കിളിന്റെ വില കുത്തനെ കുറച്ചു

തനിച്ചു മത്സരിച്ചാൽ നൂറു വോട്ടു തികച്ചു കിട്ടാത്ത പാർട്ടികൾക്ക് വരെ മന്ത്രിമാരുള്ളപ്പോൾ, സാബു ജേക്കബ് ഇടതന്റെയോ, വലതന്റെയോ തൊഴുത്തിൽ ട്വൻറി ട്വൻറി എന്ന തന്റെ പാർട്ടിയെ കൊണ്ടുകെട്ടിയാൽ അതോടെ തീരുന്ന പ്രശ്നങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ, അതോടുകൂടി എന്ത് അഴിമതി നടത്താനുള്ള ലൈസൻസും, ചിലപ്പോൾ മന്ത്രിസ്ഥാനം വരെയും സാബു ജേക്കബിന്‌ ലഭിക്കുകയും ചെയ്യും. പക്ഷെ നല്ല പിതാവിന് ജനിക്കുക എന്ന സൗഭാഗ്യം എല്ലാവർക്കും ലഭിക്കുകയില്ലല്ലോ, കിറ്റക്സിന്റെ സാബു ജേക്കബ് ഒരു നട്ടെല്ലുള്ള പിതാവിന് ജനിച്ച നട്ടെല്ലുള്ള പുത്രനായിപ്പോയി. കേരളത്തിലെ രാഷ്ട്രീയക്കാരേക്കാൾ കൂടിയ ബുദ്ധിയും ദൈവം അദ്ദേഹത്തിന് നൽകി അനുഗ്രഹിച്ചു. ഒള്ളത് പറഞ്ഞാൽ കഞ്ഞിയില്ല എന്നാണ് പറയുക. എങ്കിലും ചില കാര്യങ്ങൾ പറയാതെ വയ്യ. ഞാനും ഒരു മലയാളി തന്നെ എന്ന ഉത്തമബോധ്യത്തോടെ പറയുന്നു. സ്വന്തം പ്രയത്നവും സത്യസന്ധതയും കൈമുതലാക്കി ഒരാൾ ഉയർന്നു വരുന്നത് പല മലയാളികൾക്കും സഹിക്കാൻ കഴിയുന്ന കാര്യമല്ല. ഇനി അഥവാ അങ്ങനെ ഒരാൾ ഒരു ഉയർച്ച നേടിയാൽ പൊതുകാര്യങ്ങളിൽ ഒന്നും ഇടപെടാതെ, രാഷ്ട്രീയക്കാരെ വിമർശിക്കാതെ ഒരു മതേതര പാവയായി അഭിനയിച്ചു നടക്കുകയാണെകിൽ ഞങ്ങൾ പൊതുവെ അവരെ ശല്യം ചെയ്യാറില്ല, എന്നാൽ അങ്ങനെയുള്ളവർ കേരളത്തിൽ നടക്കുന്ന എന്തെങ്കിലും അനീതികൾ ചൂണ്ടിക്കാണിച്ചാൽ ഉടൻ അവരെ ഞങ്ങൾ സംസ്ഥാന ദ്രോഹിയാക്കിക്കളയും. പിന്നെ ചെയ്യാവുന്ന ഉപദ്രവമൊക്കെ ചെയ്തുകളയും. അത് നമ്മുടെയൊക്കെ ജീനിലുള്ള ഗുണമാണ്. (ആരുടെയെങ്കിലും ചികിത്സയ്ക്ക് വേണ്ടി പണം പിരിവിടുന്നത് മലയാളിയുടെ മാത്രം വർഗ്ഗ ഗുണമൊന്നുമല്ല. അതും പറഞ്ഞ് ആരും ഇങ്ങോട്ടു വരികയും വേണ്ട.) ഇത്രയൊക്കെ പറയാൻ ഇതെഴുതുന്ന ആൾക്ക് കുറച്ചൊക്കെ ലോകം കണ്ട പരിചയവും, ജീവിതത്തിന്റെ പകുതിയോളം പിന്നിട്ടതിന്റെ എക്സ്പീരിയൻസുമുണ്ട്.

Also Read:സിക്ക വൈറസ്: ഉന്നത തല യോഗം ചേർന്നു: ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം

ഇനി പറയാനുള്ളത് സാബു ജേക്കബ് സാറിനോടാണ്. ഒരു മലയാളി വ്യവസായി കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ അമേരിക്കയിൽ കൊണ്ടുപോയി വിറ്റ് അവിടെ ബ്രാൻഡ് ലീഡർ ആകുക എന്ന അസാമാന്യ വിജയത്തിന്റെ അദ്ധ്വാനമോ, മധുരമോ മനസ്സിലാക്കാൻ നേർബുദ്ധിയോ വിവരമോ ഉള്ള ആളുകൾ കേരളത്തിൽ കുറവാണ്. അതുകൊണ്ട് അത്തരം കാര്യങ്ങളൊക്ക കേരളത്തിലെ ഭൂരിപക്ഷമായ അല്പബുദ്ധികളോട് വിളമ്പാൻ ഈ പോസ്റ്റിൽ ഉദ്ദേശിക്കുന്നില്ല. താങ്കളെ മനസ്സിലാക്കുന്ന സൽബുദ്ധിയുള്ള കുറച്ചു പേരെങ്കിലും ഈ കേരളത്തിലുണ്ട്, പക്ഷെ താങ്കൾക്ക് തുറന്ന സപ്പോർട്ട് തരാൻ അവർ സംഘടിതരല്ല, അവർ ഭീരുക്കളാണ്, ശബ്ദമില്ലാത്തവരാണ്. താങ്കൾ അനുഭവിക്കുന്ന വിഷമത്തിൽ അവർക്ക് ആത്മാർത്ഥമായ വിഷമമുണ്ട്. എങ്കിലും മനസ്സുകൊണ്ട് അവർ താങ്കളോടൊപ്പമുണ്ട്. എത്രയും വേഗം താങ്കളുടെ നിക്ഷേപവുമായി താങ്കൾ കേരളത്തിന്റെ അതിർത്തി കടക്കുക. അതുകൊണ്ട് താങ്കൾക്ക് ഒന്നും നഷ്ടപ്പെടാനില്ല. ട്വൻറി ട്വൻറി എന്ന പാർട്ടിയുണ്ടാക്കി, അതിലൂടെ ജനാധിപത്യ മര്യാദയോ, സിവിലിറ്റിയോ എന്തെന്നു പോലും അറിയാത്ത, കേരളത്തിലെ ജനങ്ങൾക്ക് നന്മ വരുത്തണം എന്ന ആഗ്രഹം ഉപേക്ഷിക്കുക. കേരളത്തിലെ ജനത അത് അർഹിക്കുന്നില്ല. അർഹതയുള്ളവർക്ക് മാത്രമേ നല്ലത് നൽകാവൂ. മാസം തോറും ദാനമായി ലഭിക്കുന്ന മുന്നൂറു രൂപയുടെ കിറ്റിലെ 250 ഗ്രാം പരിപ്പും, ഒരു കിലോ ഉപ്പുമുണ്ടെങ്കിൽ അവർ സംതൃപ്തരാണ്.

മണ്ണ് നല്ലതല്ലെങ്കിൽ, വളക്കൂറുള്ള മണ്ണുള്ളിടത്തേക്ക് ചെടികൾ പറിച്ചു നടുന്നതാണ് ഔചിത്യം. അല്ലെങ്കിൽ അവ ഉണങ്ങിപ്പോകുകയേയുള്ളൂ. താങ്കൾക്ക് മുൻപിൽ വലിയ ലോകമുണ്ട്, ലോകത്തിന്റെ ഒരു മൂലയിലുള്ള കേരളത്തിൽ നിന്ന്, ലോകത്തിന്റെ മുൻപന്തിയിൽ നിൽക്കുന്ന ഡബിൻഹംസോ, അർമാനിയോ പോലുള്ള ഒരു ആഗോള ബ്രാൻഡ് സൃഷ്ടിക്കാൻ തക്ക ശേഷിയും, ബുദ്ധിയും താങ്കൾക്കുണ്ട്. കേരളത്തിലെ ഈ രാഷ്ട്രീയ മൂരാച്ചികളോട് പൊരുതി ഇത്രയും ഉയരത്തിലെത്തിയ താങ്കൾക്ക് അത് നിഷ്പ്രയാസം സാധിക്കും. കാരണം ലോകത്ത് വേറെ ഒരിടത്തും ആരും നിക്ഷേപകരെ ഇത്ര കണ്ട് ഉപദ്രവിക്കാറില്ല. വെറുതെ, ഈ അഴുക്കിൽ കിടന്നു സമയം കളയരുത്. ഈ മാനസിക പീഡനങ്ങൾ താങ്കളുടെ ബിസിനസ്സിലുള്ള ശ്രദ്ധ തകർക്കും. ഇപ്പോൾ നടന്നതും, നടക്കുന്നതും താങ്കളിലെ വ്യവസായിയെ അതിരുകളില്ലാത്ത നിലയിലേക്ക് വളർത്താനുള്ള വിധിയുടെ ഒരു പരീക്ഷണമായി കരുതുക. പണത്തേക്കാൾ ഏറെ വിലപ്പെട്ടതാണ് സമയം. അതുകൊണ്ട് ഉചിതമായ തീരുമാനം വൈകരുത്. താങ്കളെപ്പോലുള്ള ഒരു ഒരു മഹദ്‌വ്യക്തിയ്ക്ക് എന്നെപ്പോലുള്ള ഒരു എളിയവന്റെ ഉപദേശം ആവശ്യമില്ലെങ്കിലും എന്റെ അവിവേകം കൊണ്ട് ഇവിടെ ഇത്രയും കുറിക്കുന്നു എന്നുമാത്രം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button