ന്യൂഡൽഹി: വാരാണസിയിൽ നിർമ്മിച്ച അന്താരാഷ്ട്ര നിലവാരമുള്ള കൺവെൻഷൻ സെന്റർ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രുദ്രാക്ഷ് എന്ന പേരിലുള്ള കൺവെൻഷൻ സെന്റർ ശിവലിംഗത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. വാരാണസിയിലെ സിഗ്ര മേഖലയിൽ 2.87 ഹെക്ടർ പ്രദേശത്താണ് രുദ്രാക്ഷ് സ്ഥിതി ചെയ്യുന്നത്. രണ്ടു നിലകളിലായി ഒരുക്കിയിരിക്കുന്ന കെട്ടിടത്തിൽ 1200 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.
സാമൂഹ്യ-സാംസ്‌കാരിക വിനിമയങ്ങൾക്കുള്ള ഒരു ഇടം എന്ന ലക്ഷ്യത്തോടെയാണ് രുദ്രാക്ഷ് നിർമ്മിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. വാരാണസിയുടെ ടൂറിസം സാധ്യതകൾ വർധിപ്പിക്കാൻ രുദ്രാക്ഷ് സഹായിക്കുമെന്നും അധികൃതർ വിലയിരുത്തുന്നു. അന്താരാഷ്ട്ര കോൺഫറൻസുകൾ, പ്രദർശനങ്ങൾ, സംഗീതപരിപാടികൾ തുടങ്ങിയ പരിപാടികൾ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്താം. 120 കാറുകൾ നിർത്തിയിടാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വാരാണസിയുടെ കല, സംസ്‌കാരം, സംഗീതം തുടങ്ങിയവയൊക്കെ വെളിവാക്കുന്ന ചുവർ ചിത്രങ്ങളും ഇവിടെയുണ്ട്. ഇത് രുദ്രാക്ഷിന് കൂടുതൽ മിഴിവേകുന്നുണ്ട്. രുദ്രാക്ഷ് കോൺഫറൻസുകൾ നടത്തുന്നതിനും ടൂറിസത്തിനും അനുയോജ്യമായ ഇടമാക്കി വാരാണസിയെ മാറ്റുന്നുവെന്ന് ഉദ്ഘാടനത്തിന് ശേഷം മോദി ട്വിറ്ററിൽ കുറിച്ചു. വാരാണസിയുടെ സാംസ്‌കാരിക സമ്പന്നത വിളിച്ചോതുന്നതാണ് രുദ്രാക്ഷെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെയാണ് രുദ്രാക്ഷ് നിർമ്മിച്ചിരിക്കുന്നത്. 200 കോടി രൂപയാണ് രുദ്രാക്ഷിന്റെ നിർമ്മാണ ചെലവ്. പരിസ്ഥിതി സൗഹാർദ നിർമിതിയാണിതെന്നും മികച്ച സുരക്ഷാ സംവിധാനങ്ങൾ കെട്ടിടത്തിലുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ വിശദമാക്കി.
Post Your Comments