ന്യൂഡൽഹി: മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിക്കുകയും അവരെ വില്‍പ്പനയ്ക്ക് എന്ന പരസ്യം നല്‍കുകയും ചെയ്ത വ്യാജ ആപ്പിനെതിരെ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി പൗരത്വ പ്രക്ഷോഭ സമരത്തിനു പിന്നാലെ ജയിലിലടക്കപ്പെട്ട ജാമിഅ മില്ലിയ്യ വിദ്യാര്‍ഥി സഫൂറ സര്‍ഗാര്‍. പൊതുരംഗത്ത് സജീവമായ സ്ത്രീകളെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നാണ് സഫൂറ മാധ്യമം പത്രത്തിനോട് പ്രതികരിച്ചത്.
വ്യാജ ആപ്പിനെതിരെ ഡൽഹി പോലീസും കമ്മീഷനും രംഗത്തുവന്നിട്ടും പ്രഖ്യാപിത സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ പ്രതികരിക്കുന്നില്ലെന്ന് സഫൂറ സര്‍ഗാര്‍ വിമർശിച്ചു. മുസ്ലിം സ്ത്രീകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെല്ലാമെന്ന് യുവതി ആരോപിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിക്കുകയും അവരെ വില്പനയ്ക്ക് എന്ന പരസ്യം നല്‍കുകയും ചെയ്ത ആപ്പിനെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തതും തുടർന്ന് ആപ്പ് പൂട്ടിച്ചതും.
‘മുസ്ലിം സ്ത്രീകൾ അവരുടെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യേണ്ടെന്ന ഉപദേശവുമായി കുറെ ഗുണകാംക്ഷികൾ വരുന്നതു കണ്ട് ശരിക്കും തരിച്ചുപോകുന്നുണ്ട്. ഞങ്ങൾ ഞങ്ങളുടെ ജോലികൾ ഒഴിവാക്കണോ? ഷോപ്പിങ്ങിനു പോകുന്നത് ഒഴിവാക്കണോ? പുറത്തിറങ്ങുന്നത് നിർത്തണോ? പൊതു ഇടങ്ങളിൽനിന്ന് ഞങ്ങളെ മായ്ച്ചുകളയണോ? ജയിലിൽനിന്ന് ഇറങ്ങിയപ്പോൾ എന്റെ ചിത്രങ്ങൾ കണ്ട് ശരിക്കും ഞാൻ ഞെട്ടിപ്പോയി. ഞാൻ സോഷ്യൽമീഡിയയിൽ ഒരിടത്തും പോസ്റ്റ് ചെയ്യാത്ത ചിത്രങ്ങൾ. പലയിടങ്ങളിൽ നിന്നുമായി മുറിച്ചതെടുത്തവ ആയിരുന്നു പലതും. ഞങ്ങൾക്ക് നന്നായി അറിയാം, ഈ സൈബർ അതിക്രമങ്ങൾ ഭരണകൂടപിന്തുണയോടെ നടക്കുന്നവയാണെന്ന്’- സഫൂറ സര്‍ഗാര്‍ ആരോപിക്കുന്നു.
Post Your Comments