
ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടേത് കൊലപാതകമാണെന്ന് അവസാനം വരെ വിശ്വസിച്ചിരുന്നില്ലെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നു. കുഞ്ഞ് അറിയാതെ ചെയ്തതാണെന്നും ആരെയും ഇതിന്റെ പേരിൽ ശിക്ഷിക്കരുതെന്നും സംഭവത്തിനു പിന്നാലെ അന്വേഷണത്തിന് വന്ന പൊലീസുകാരോട് കാലുപിടിച്ച് പറഞ്ഞെന്നും അമ്മ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
അർജുനെ സംശയമുണ്ടായിരുന്നില്ലെന്നും മകൾ അറിയാതെ ഷാൾ കഴുത്തിൽ കുടുങ്ങി സംഭവിച്ചതാകാമെന്നുമാണ് അമ്മ പറയുന്നത്. ‘ഞങ്ങടെ കുഞ്ഞ് അറിയാതെ ചെയ്തതാവും അതിന് ആരേം ശിക്ഷിക്കരുതേയെന്നും അന്വേഷണം വേണ്ടെന്നും വന്ന പൊലീസിന്റെ കാലുപിടിച്ച് പറഞ്ഞതാണ്. പക്ഷേ അവര് വിട്ടില്ല. അവരോട് ഒത്തിരി നന്ദിയുണ്ട്. അവനെ ഇപ്പോഴെങ്കിലും പിടിച്ചത് നന്നായി. ഇല്ലെങ്കിൽ ഒത്തിരി പിള്ളാരെ അവൻ ഇങ്ങനെ ചെയ്തേനെ’യെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു.
Also Read:പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ച: ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു
അർജുൻ അധികം ആരോടും സംസാരിക്കുന്ന കൂട്ടത്തിൽ അല്ലെന്നും പക്ഷെ തങ്ങളുടെ കുടുംബത്തോട് വളരെ സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നതെന്നും ഇവർ പറയുന്നു. മകൾ എപ്പോഴും ഷാൾ കഴുത്തിലിട്ട് കളിക്കുമായിരുന്നുവെന്നും അതുകൊണ്ട് അങ്ങനെ കളിച്ചപ്പോൾ സംഭവിച്ചതാകാമെന്നുമായിരുന്നു അവസാനം വരെ കരുതിയിരുന്നതെന്നും ഇവർ പറയുന്നു. എന്നാൽ, കുട്ടിയുടെ മാതാപിതാക്കളുടെ വാക്കുകൾ പോലീസ് മുഖവിലയ്‌ക്കെടുത്തില്ല. കേസ് കാര്യമായി അന്വേഷിച്ച് പോസ്റ്റുമോർട്ടം നടത്തി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നശേഷം പോലീസ് പറഞ്ഞപ്പോഴാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും കൊലപാതകമാണെന്നും വീട്ടുകാർ അറിയുന്നത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ സ്ഥലത്തെത്തിയ പൊലീസുകാർക്ക് അസ്വഭാവികത തോന്നിയിരുന്നു. ആറു വയസ് മാത്രം പ്രായമുള്ള കുഞ്ഞ് ഉത്തരത്തിൽ എങ്ങനെ തൂങ്ങി മരിക്കുമെന്നായിരുന്നു പൊലീസിന്റെ സംശയം. പോലീസിന്റെ കൃത്യമായ ഇടപെടലിനെ തുടർന്നാണ് കേസിലെ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അർജുനെ പിടികൂടാൻ സാധിച്ചത്.
Post Your Comments