KeralaLatest News

പോലീസ് സ്റ്റേഷനിൽ വരുന്നവരെ കൊണ്ട് സ്റ്റേഷനറി വാങ്ങിപ്പിക്കരുത്, പോലീസ് മേധാവി അനിൽ കാന്ത്

തുക കാര്യക്ഷമമായി ചെലവഴിക്കുന്നു എന്ന് ജില്ലാ പോലീസ് മേധാവിമാരും ഡിവൈഎസ്പിമാരും ഉറപ്പുവരുത്തണം.

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിൽ പ്രധാനമായ ഒരു നിർദ്ദേശം പോലീസ് സ്റ്റേഷനിൽ പരാതി നല്കാൻ വരുന്നവരെ കൊണ്ട് സ്റ്റേഷനറി സാധനങ്ങൾ വാങ്ങിപ്പിക്കരുത് എന്നാണ്. സ്റ്റേഷനുകൾക്ക് മുൻകൂറായി 5000 രൂപ നൽകുന്നുണ്ട്. ഈ തുക ഇത്തരം കാര്യങ്ങൾക്ക് വിനിയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഈ തുക കാര്യക്ഷമമായി ചെലവഴിക്കുന്നു എന്ന് ജില്ലാ പോലീസ് മേധാവിമാരും ഡിവൈഎസ്പിമാരും ഉറപ്പുവരുത്തണം.

 അദ്ദേഹത്തിന്റെ മറ്റു നിർദ്ദേശങ്ങൾ ഇങ്ങനെ,

വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ സമയബന്ധിതമായി കൈകാര്യം ചെയ്യേണ്ടതാണ് . ഇത്തരം പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കുകയും അതിക്രമത്തിന് ഇരയാകുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. രാഷ്ട്രീയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായം പറയുന്ന പ്രവണത നിയന്ത്രിക്കണം. സാമൂഹ്യമാധ്യമങ്ങളില്‍ സ്വകാര്യ അക്കൗണ്ട് തുടങ്ങാന്‍ ഔദ്യോഗിക ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറും ഉപയോഗിക്കാന്‍ പാടില്ല.

പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ക്ക് കൈപ്പറ്റ് രസീത് നല്‍കുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കായിരിക്കും. പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നവരുടെ പരാതി ഇന്‍സ്പെക്ടര്‍ തന്നെ നേരിട്ട് കേള്‍ക്കേണ്ടതാണ്. ഗൗരവമുള്ള പരാതികളില്‍ അടിയന്തരമായി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണം. ഇക്കാര്യങ്ങള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറോ ഡിവൈഎസ്പിയോ നിരീക്ഷിക്കണം. പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഓരോ ദിവസവും നല്‍കുന്ന ഡ്യൂട്ടി അവരുടെ നോട്ട്ബുക്കില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ അവരുടെ അഭാവത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ രേഖപ്പെടുത്തി നല്‍കണം.

പോലീസ് പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവരുന്നവര്‍ മദ്യമോ ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവരെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി നിയമനടപടികള്‍ സ്വീകരിക്കണം. ഇങ്ങനെ നിരവധി നിർദ്ദേശങ്ങളാണ് പോലീസ് മേധാവി നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button