കൊച്ചി : കിറ്റെക്‌സിനെതിരായ തൊഴില്‍ വകുപ്പിന്റെ റിപ്പോർട്ട് വ്യാജമെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. ലോകത്ത് ഏറ്റവും കൂടുതല്‍ സാലറിയും സൗകര്യങ്ങളും കൊടുക്കുന്നത് താനാണെന്നും പരിശോധനാ റിപ്പോര്‍ട്ട് തള്ളി സാബു പറഞ്ഞു. ഫാക്ടറിയിലെ ഒരു റിക്കോര്‍ഡും പരിശോധിക്കാതെയാണ് തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് അവകാശപ്പെട്ട സാബു തന്നെ വേട്ടയാടുകയാണെന്നും ആരോപിച്ചു
‘ഒരു ഫാക്ടറിയില്‍ ഇന്ന് ഇന്ത്യയില്‍ നിയമത്തിലുള്ള എല്ലാ കുറ്റങ്ങളും ഞാന്‍ ചെയ്തിരിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. ശുചിമുറികള്‍ ഇല്ലായെന്നാണ് അവര്‍ പറയുന്നത്. ഒരു ഫാക്ടറി തുടങ്ങുമ്പോള്‍ ഫാക്ടറീസ് ആന്റ് ബോയിലേര്‍സ് ആക്ട് പ്രകാരം ഇത്ര തൊഴിലാളികള്‍ക്ക് ഇത്ര ശുചിമുറിയെന്ന് മാനദണ്ഡം ഉണ്ട്. ആ മാനദണ്ഡം അനുസരിച്ച് ശുചിമുറി ഉണ്ടെന്ന് ഉറപ്പ് വരുത്തിയാണ് അനുമതി കൊടുക്കുന്നത്. എനിക്ക് 96 ല്‍ അനുമതി കിട്ടി. പിന്നീട് ഓരോ വര്‍ഷവും പരിശോധിക്കുന്നുണ്ട്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. ഇതെല്ലാം ഞാന്‍ തെളിയിക്കും’ – സാബു പറഞ്ഞു.
അവധി ദിവസങ്ങളിലും കമ്പനി പ്രവര്‍ത്തിച്ചെന്ന പരിശോധന റിപ്പോര്‍ട്ടിലെ കണ്ടെത്തലിനേയും സാബു നിഷേധിച്ചു. ഞായറാഴ്ച്ച് ഒഴിവ് ദിവസമാണെന്നും ഇത്തരം കാര്യങ്ങളെല്ലാം എവിടുന്നാണ് കിട്ടിയതെന്ന് വ്യക്തമാക്കണമെന്നും സാബു ആവശ്യപ്പെട്ടു. 2010 ലാണ് മിനിമം വേതന നിയമം വന്നത്. മിനിമം വേതനത്തിനേക്കാള്‍ 70-90 ശതമാനം കൂടുതല്‍ വേതനമാണ് കൊടുക്കുന്നത്. നാല് നേരം സൗജന്യം ഭക്ഷണം താമസം. ഞാനീ കൊടുക്കുന്നത് പോലെ ലോകത്ത് എവിടെയാണ് ഉള്ളതെന്നും സാബു ചോദിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ സാലറിയും സൗകര്യങ്ങളും കൊടുക്കുന്നത് ഞാനാണ്. ഇത് വെറുതെ വിളിച്ചു പറയുന്നതല്ലെന്നും സാബു പറഞ്ഞു.
Post Your Comments