
ക്യാമറ കണ്ടാൽ കുസൃതി ചിരിയുമായി ഓടിയെത്തുന്ന കൊച്ചു സെറ ഇന്ന് തിരക്കിലാണ്. ആക്ഷൻ പറഞ്ഞ് കഴിഞ്ഞാൽ പിന്നെ സെറയുടെ മുഖത്ത് ഭാവങ്ങൾ മിന്നിമറയും. ഞൊടിയിടയിൽ ഭാവങ്ങൾ മാറ്റാൻ ഈ കൊച്ചു മിടുക്കിക്ക് കഴിയും. മോഡലിംഗ് രംഗത്ത് തന്റെ മുഖമുദ്ര പതിപ്പിച്ച ഈ കുഞ്ഞുസെറയ്ക്ക് ഇപ്പോൾ സിനിമയിലും അവസരം. അമ്മ സിജിയുടെ ഇടവകയായ ഇടുക്കി രാജാക്കാട് ക്രിസ്തുരാജ പള്ളിയിൽ നടന്ന മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ട് പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
മോഡലിംഗ് രംഗത്തേക്ക് സെറയ്ക്ക് ഓഫറുകൾ വരുന്നത് അങ്ങനെയാണ്. സാധാരണ കുഞ്ഞുങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ കുറച്ച് സമയമെടുക്കാറുണ്ട്. എന്നാൽ സെറ അക്കാര്യത്തിൽ പുലിയാണ്. അച്ഛൻ സനീഷിന്റെ കൈപിടിച്ച് ഷൂട്ടിനെത്തുന്ന സെറയോട് കാര്യങ്ങൾ ഒരിക്കൽ പറഞ്ഞാൽ മതി, പിന്നെ ആള് കൂളായിരിക്കും. ആക്ഷൻ പറഞ്ഞാൽ സെറ നിമിഷനേരം കൊണ്ട് കുസൃതിക്കാരിയായും കാലിപ്പത്തിയായും ആക്ഷൻ ഹീറോ സ്റ്റൈലിലും ഭാവങ്ങൾ മാറ്റി മാറ്റി സെറ്റിൽ നിറഞ്ഞ് നിൽക്കും. എങ്ങനെ നിൽക്കണമെന്ന് പറഞ്ഞാൽ സെറ റെഡി ആണ്.
തിരുവനന്തപുരം കസവുമാൾ, ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്‌സ് അടക്കം നിരവധി കമ്പനികളുടെ പരസ്യങ്ങളിൽ സെറ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്. ബാലതാരങ്ങളുടെ സമൂഹ മാധ്യമ ഗ്രൂപ്പിലും ഇൻറർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും സെറയ്ക്ക് ആരാധകർ ഏറെയാണ്. 26 ഓളം ഓൺലൈൻ സൈറ്റുകൾ,മാഗസിനുകൾ, ഏതാനും പ്രൊഡക്ഷൻ കമ്പനികൾ എന്നിവക്ക് വേണ്ടിയും സെറയുടെ ചിത്രങ്ങൾ പകർത്തി കഴിഞ്ഞു. അഞ്ച് കിഡ്സ് ഷോപ്പുകളുടെ മോഡലാണ് സെറ ഇപ്പോൾ. സിനിമാലോകത്തേക്കുള്ള കുഞ്ഞു താരത്തിന്റെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ് പ്രിയപ്പെട്ടവർ.
Post Your Comments