KeralaLatest NewsNews

സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിൻ: മാതൃകവചം ക്യാമ്പെയ്ന്‍ ആരംഭിക്കുമെന്ന് വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും കോവിഡ് വാക്സിൻ നൽകാൻ ‘മാതൃകവചം’ എന്ന പേരിൽ ക്യാമ്പെയ്ന്‍ ആരംഭിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ‘മാതൃകവചം ക്യാമ്പെയ്നിന്റെ ഭാഗമായി വാർഡ് തലത്തിൽ ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ ഗർഭിണികളേയും വാക്സിനേഷനായി രജിസ്റ്റർ ചെയ്യിക്കും. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവർത്തകരുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യിപ്പിക്കുമെന്ന്’ മന്ത്രി വ്യക്തമാക്കി.

Read Also: പൊലീസുകാര്‍ സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയം പറയരുത്: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി

‘ഓരോ സബ് സെന്റർ പ്രദേശത്തുള്ള മുഴുവൻ ഗർഭിണികളും രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിച്ചു എന്ന് ആരോഗ്യ പ്രവർത്തകർ ഉറപ്പാക്കും. ഗർഭിണികൾക്കായി പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ പ്രത്യേക ദിവസങ്ങളിൽ ജില്ലാതലത്തിൽ തീരുമാനിച്ച് നടത്തും. വാക്സിനേഷനായി വരുന്ന മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുന്ന വിധത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ക്രമീകരണങ്ങൾ നടത്തുന്നതാണ്. കോവിഡ് ബാധിച്ചാൽ അത് ഗർഭിണികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. 35 വയസിന് മുകളിൽ പ്രായമുള്ളവർ, അമിത വണ്ണമുള്ളവർ, പ്രമേഹം, രക്താതിമർദം തുടങ്ങിയ രോഗങ്ങളുള്ളവർ എന്നിവരിൽ രോഗം ഗുരുതരമായേക്കാം. ഇത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തേയും ബാധിക്കുവാൻ സാധ്യതയുണ്ട്. അതിനാൽ ഗർഭിണിയായിരിക്കുമ്പോൾ വാക്സിൻ എടുക്കുക എന്നത് വളരെ പ്രധാനമായ പ്രതിരോധ നടപടിയാണെന്ന്’ വീണാ ജോർജ് പറഞ്ഞു.

‘നിലവിൽ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്ന ഏത് കോവിഡ് വാക്സിനും ഗർഭിണികൾക്ക് സ്വീകരിക്കാവുന്നതാണ്.ഗർഭാവസ്ഥയുടെ ഏത് കാലയളവിലും വാക്സിൻ സ്വീകരിക്കാനാകും. ഗർഭാവസ്ഥയിൽ തന്നെ രണ്ട് ഡോസ് വാക്സിനുകളും സ്വീകരിക്കാനായാൽ അത് കൂടുതൽ സുരക്ഷ നൽകും. കഴിയുന്നതും മുന്നേ തന്നെ വാക്സിൻ സ്വീകരിക്കുന്നതാണ് നല്ലത്. ഗർഭിണിയായിരിക്കുമ്പോൾ കോവിഡ് ബാധിതയായാൽ പ്രസവം കഴിഞ്ഞ് മാത്രമാണ് വാക്സിൻ സ്വീകരിക്കാനാവുക. എന്നാൽ കോവിഡ് രോഗമുക്തയായി മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്സിൻ സ്വീകരിക്കാവു.വാക്സിൻ സ്വീകരിച്ച ശേഷം നേരിയ പനി, കുത്തിവച്ച ഭാഗത്ത് വേദന, ഒന്നു മുതൽ മൂന്ന് ദിവസം വരെ ക്ഷീണം എന്നിവ കണ്ടേക്കാം. വാക്സിൻ സ്വീകരിച്ച് കഴിഞ്ഞാലും മാസ്‌ക് ധരിക്കുക സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക തുടങ്ങിയ പ്രതിരോധ ശീലങ്ങൾ തുടരേണ്ടതാണെന്നും’ മന്ത്രി അഭ്യർത്ഥിച്ചു.

Read Also: ഒടുവിൽ പരിഭവം മാറി, എൻ.എസ്.എസ്. ബി.ജെ .പി യുമായി അടുക്കുന്നു: മോദിയുടെ ഡിജിറ്റൽ ഇന്ത്യക്ക് പിന്തുണ

shortlink

Related Articles

Post Your Comments

Related Articles


Back to top button