ചങ്ങനാശ്ശേരി: ബി.ജെ.പിയുമായി സാമുദായിക അകലം നിലനിർത്തി സമദൂര നിലപാടിലൂന്നി മുന്നോട്ട് പോയ സമുദായ സംഘടനാ നേതൃത്വമായിരുന്നു എൻ.എസ്.എസ്. പലതവണ അടുക്കാൻ ബി.ജെ.പി ശ്രമം നടത്തിയെങ്കിലും ജനറൽ സെക്രട്ടറി സുകുമാരൻ നായർ വഴങ്ങാനോ അടുക്കാനോ തയ്യാറായില്ല. സമുദായാംഗങ്ങൾ ഭൂരിപക്ഷവും അനുകൂല നിലപാടുമായി മുന്നോട്ട് പോയപ്പോഴും നേതൃത്വം അടുക്കാൻ വിമുഖത കാട്ടുകയായിരുന്നു. എന്നാൽ ഇപ്പോൾ കഥയാകെ മാറി മറിഞ്ഞിരിക്കുകയാണ്.
കേന്ദ്രമന്ത്രിസഭയിൽ പുതുതായി ചുമതലയേറ്റ മലയാളിയും കർണ്ണാടക എം.പിയുമായ രാജീവ് ചന്ദ്രശേഖർ സുകുമാരൻ നായരുമായി ചർച്ച നടത്തി എൻ.എസ്.എസിൻ്റെ നിലപാടിൽ മാറ്റം കൊണ്ടു വന്നിരിക്കുകയാണെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളായ ഡിജിറ്റൽ ഇന്ത്യക്കും, സ്കിൽ ഇന്ത്യക്കും പിന്തുണ നൽകണമെന്ന ചന്ദ്രശേഖറിൻ്റെ ആവശ്യം സുകുമാരൻ നായർ അംഗീകരിച്ചുവെന്നാണ് ലഭ്യമായ വിവരം. എൻ.എസ്.എസിൻ്റെ പിന്തുണ ലഭിച്ചെങ്കിൽ മാത്രമേ ഇത് മുമ്പോട്ട് കൊണ്ട് പോകാനാവൂ എന്ന് ചന്ദ്രശേഖർ സുകുമാരൻ നായരെ അറിയിക്കുകയായിരുന്നു.
ഡിജിറ്റൽ ഇന്ത്യക്ക് കുതിപ്പേകാനും ഡിജിറ്റൽ വിപ്ലവം നടക്കാനിരിക്കുന്ന ഇന്ത്യയിലെ യുവാക്കളെ സജ്ജമാക്കാനും എൻ.എസ്.എസ് ഒരുക്കമാണെന്ന് സുകുമാരൻ നായർ രാജീവ് ചന്ദ്രശേഖറിന് ഉറപ്പ് നൽകിയെന്നുമാണ് ലഭിക്കുന്ന വിവരം.
Post Your Comments