ചെന്നൈ: കൊങ്കുനാട് കേന്ദ്ര ഭരണപ്രദേശമാക്കുന്നതിനെ എതിര്‍ത്ത് തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. തമിഴ്‌നാടിനെ വെട്ടിമുറിക്കാന്‍ ഒരിക്കലും സമ്മതിക്കില്ലെന്നാണ് നേതാക്കളുടെ നിലപാട്.
ഡി എം കെ എം പി കനിമൊഴി റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു. തമിഴ്‌നാട് ഇപ്പോള്‍ സുരക്ഷിതമായ സര്‍ക്കാരിന് കീഴിലാണെന്നും ആര്‍ക്കും സംസ്ഥാനത്തെ വിഭജിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.
‘ഭാവനയുടെ സങ്കല്‍പ്പം’ എന്നാണ് റിപ്പോര്‍ട്ടുകളോട് തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി തലവന്‍ കെഎസ് അലഗിരി പ്രതികരിച്ചത്. പിന്‍വാതിലിലൂടെ തമിഴ് നാട്ടിലേക്ക് പ്രവേശിക്കാനാണ് ഈ പദ്ധതിയെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) നേതാവ് ജി ബാലകൃഷ്ണന്റെ പ്രതികരണം.
ഇത് അപകടകരമാണ്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഇത് അനുവദിക്കില്ല. പിന്‍വാതിലിലൂടെ തമിഴ് നാട്ടിലേക്ക് പ്രവേശിക്കാനുള്ള ബിജെപിയുടെ അത്തരം നടപടികള്‍ പാര്‍ട്ടിക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ മാത്രമേ ഉണ്ടാക്കൂ.-ബാലകൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ തമിഴ്‌നാട്ടില്‍ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കുന്നതിനെ ഡിഎംകെ എന്തിനാണ് ഭയപ്പെടുന്നതെന്ന് ബി.ജെ.പി ചോദിക്കുന്നു. തമിഴ്നാടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ മാറ്റം വരണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നും, അത് നടക്കണമെന്നാണ് ബി ജെ പിയുടെ ആഗ്രഹമെന്നും തമിഴ്നാട് ബിജെപി ഉപാദ്ധ്യക്ഷന്‍ എന്‍ നാഗേന്ദ്രന്‍ പറഞ്ഞു.
അതേസമയം കോയമ്പത്തൂര്‍ സൗത്ത് എംഎല്‍എയും ബിജെപി നേതാവുമായ വനതി ശ്രീനിവാസന്‍ ഒരു പ്രാദേശിക പത്രത്തില്‍ ‘തമിഴ്നാട് വിഭജിക്കപ്പെടണം, കൊങ്കു നാട് സൃഷ്ടിക്കണം’ എന്ന തലക്കെട്ടോടെ ലേഖനമെഴുതിയതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments