Life Style

ഇടയ്ക്കിടെയുള്ള കൊറിക്കല്‍ ശീലം ഒഴിവാക്കുന്നതിനായി അഞ്ച് ടിപ്സ്

 

പ്രധാന ഭക്ഷണങ്ങള്‍ക്കിടയില്‍ എന്തെങ്കിലും സ്നാക്സ് കഴിക്കുന്നത് എപ്പോഴും നല്ലതാണ്. അത് ഗ്യാസ്ട്രബിള്‍ ഒഴിവാക്കാന്‍ സഹായിക്കും. എന്നാല്‍ അനാരോഗ്യകരമായ പദാര്‍ത്ഥങ്ങളാണ് സ്നാക്സ് ആയി ഉപയോഗിക്കുന്നതെങ്കില്‍ ഗുണമുണ്ടാകില്ലെന്ന് മാത്രമല്ല, ആരോഗ്യത്തിന് തിരിച്ചടിയും ഉണ്ടാകും.

ചിലര്‍ക്കാണെങ്കില്‍ താല്‍ക്കാലിക ശമനത്തിന് വേണ്ടി മാത്രമല്ലാതെ ഇടയ്ക്കിടെ എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുന്ന ശീലമുണ്ടാകും. ഇപ്പോള്‍ കൊവിഡ് കാലത്ത് അധികവും ഓഫീസ് ജോലിക്കാര്‍ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാന്‍ കൂടി തുടങ്ങിയതോടെ ഈ ഇടവിട്ടുള്ള കഴിപ്പ് പലരുടേയും പതിവുരീതി ആയി മാറിയിട്ടുണ്ട്.

ശരീരത്തിന് തീര്‍ത്തും മോശമാണ് ഇത്തരത്തില്‍ എപ്പോഴും എന്തെങ്കിലുമൊക്കെ കഴിച്ചുകൊണ്ടിരിക്കുന്ന ശീലം. ഇനി ഈ ശീലം മാറ്റാനാകാതെ വിഷമിക്കുന്നവരുമുണ്ട്. അവര്‍ക്ക് സഹായകമാകുന്ന അഞ്ച് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല, ഇടയ്ക്കിടെ കഴിക്കാവുന്ന ആരോഗ്യകരമായ അഞ്ച് സ്നാക്സുകളെ പരിചയപ്പെടുത്തുകയാണ്.

ഒന്ന്..

റോസ്റ്റ് ചെയ്ത വെള്ളക്കടലയാണ് ഈ പട്ടികയില്‍ ആദ്യം പരിചയപ്പെടുത്തുന്നത്. കടയില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ നല്ലത്, ഇത് നമ്മള്‍ വീട്ടില്‍ തന്നെ തയ്യാറാക്കി സൂക്ഷിക്കുന്നതാണ്. വളരെ കുറവ് കലോറിയാണെന്നതാണ് ഇതിന്റെ പ്രത്യേകത. ഫൈബറിന്റെ നല്ലൊരു സ്രോതസാണെന്നതും ഇതിനെ ആരോഗ്യകരമാക്കുന്നു.

രണ്ട്..

ഡ്രൈ ഫ്രൂട്ട്സും ഇടയ്ക്കിടെ സ്നാക്സ് ആയി കഴിക്കാവുന്നതാണ്. അല്‍പം നട്ട്സും അല്‍പം ഡ്രൈ ഫ്രൂട്ട്സും കഴിക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങളെയെല്ലാം നല്ല രീതിയില്‍ സ്വാധീനിക്കുന്നു. ബദാം, അണ്ടിപ്പരിപ്പ്, റൈസിന്‍സ്, വാള്‍നട്ട്സ്, അത്തിപ്പഴം, ഈന്തപ്പഴം, ഡ്രൈഡ് ബെറീസ് എന്നിവയെല്ലാം ഇതിനായി തെരഞ്ഞെടുക്കാം. പതിവായി മിതമായ രീതിയില്‍ ഇവ കഴിച്ചാല്‍ ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. എന്നാല്‍ അമിതമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധയും വേണം.

മൂന്ന്..

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്നൊരു സ്നാക്ക് ആണ് പോപ്കോണ്‍. വളരെയധികം ആരോഗ്യകരമായ സ്നാക്ക് ആയിട്ടാണ് പോപ്കോണ്‍ കണക്കാക്കപ്പെടുന്നത്. ധാരാളം പോഷകങ്ങളടങ്ങിയിട്ടുള്ള, ഫൈബറടങ്ങിയിട്ടുള്ള ഒന്നാണ് പോപ്കോണ്‍. അതുകൊണ്ട് തന്നെ സധൈര്യം കഴിക്കാവുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണിത്.

നാല്..

സ്നാക്സ് എന്ന് കേള്‍ക്കുമ്പോള്‍ മിക്കവരും ഒരിക്കലും സങ്കല്‍പിക്കാത്ത വിഭാഗമാണ് പച്ചക്കറികള്‍. എന്നാല്‍ പച്ചക്കറികളും നല്ല സ്നാക്സ് ആയി ഉപയോഗിക്കാവുന്നതാണ്. വെജ്ജീ സ്റ്റിക്സ് അതുപോലെ സലാഡുകളെല്ലാം ഇടനേരങ്ങളിലെ വിശപ്പിനെ തൃപ്തിപ്പെടുത്താനും അതുപോലെ തന്നെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായകമാണ്.

അഞ്ച്..

ആരോഗ്യകരമായതും സ്നാക്സ് എന്ന ഗണത്തിലേക്ക് ഏറ്റവും യോജിച്ചതുമായി ഒന്നാണ് ഗ്രനോള ബാര്‍സ്. ഇത് പുറത്ത് നിന്ന് വാങ്ങിക്കുകയോ വീട്ടില്‍ തന്നെ തയ്യാറാക്കുകയോ ചെയ്യാം. ഓട്ട്സ്, റൈസിന്‍സ്, ഏലയ്ക്ക, ഷുഗര്‍, ബട്ടര്‍ എന്നിവയാണ് ഇതിലടങ്ങിയിരിക്കുന്നത്. പ്രോട്ടീനാല്‍ ഏറെ സമ്പുഷ്ടമാണ് ഗ്രനോള ബാര്‍സ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button