കൊല്ലം: കല്ലുവാതുക്കലില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച അമ്മ രേഷ്മയുടെ കേസ് വീണ്ടും പൊലീസിനെ വട്ടം ചുറ്റിക്കുന്നു. രേഷ്മയുടെ അറസ്റ്റിനു പിന്നാലെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ആത്മഹത്യ ചെയ്തതോടെയാണ് കേസിലെ ആദ്യ ട്വിസ്റ്റ് ഉണ്ടായത്. തുടക്കം മുതൽ അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുതിയ പുതിയ വഴിത്തിരിവിലേക്ക് കടക്കുന്ന കേസായി ഇതുമാറിയിരിക്കുകയാണ്. ഡി.എൻ.എ പരിശോധനയിലൂടെ കുഞ്ഞ് മരിച്ച് ആറ് മാസങ്ങൾക്ക് ശേഷമാണ് പൊലീസിന് പ്രതിയെ കിട്ടിയത്.
അനന്തു എന്ന കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന രേഷ്മയുടെ മൊഴി പ്രകാരം പോലീസ് അനന്തുവിനെ തിരഞ്ഞു. ഇതിനിടയിൽ ആര്യയും ഗ്രീഷ്മയും ആത്മഹത്യ ചെയ്തു. ഇതോടെ കേസിൽ രണ്ടാമത്തെ വഴിത്തിരിവ് ഉണ്ടായി. അന്വേഷണത്തിൽ യുവതികളാണ് ‘അനന്തു’ എന്ന അക്കൗണ്ട് വഴി രേഷ്മയോട് കാമുകനെന്ന വ്യാജേന ചാറ്റ് ചെയ്തതെന്ന് തെളിഞ്ഞു. വിവരം ജയിലിൽ വെച്ച് ചോദ്യം ചെയ്യവേ രേഷ്മയെ പോലീസ് അറിയിച്ചു. ഗ്രീഷ്മയ്ക്ക് തന്നോട് പകയുണ്ടെന്നായിരുന്നു എന്നാണ് ഇതിനു രേഷ്മയുടെ മറുപടി. ഇതിനിടയിലാണ് ‘അനന്തു’ എന്ന യഥാർത്ഥ വ്യക്തി പ്രത്യക്ഷപ്പെടുന്നത്.
Also Read:ബ്ലേഡ് മാഫിയ സംഘത്തിന്റെ അതിക്രമം: ജെസിബി ഉപയോഗിച്ച് വീടാക്രമിച്ചതായി പരാതി
രേഷ്മയ്ക്ക് ഒന്നിലധികം ആളുകളുമായി ഫേസ്‌ബുക്കിൽ ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനിടെ ഒരു യുവാവിന്റെ ഫോട്ടോ പോലീസ് രേഷ്മയെ കാണിച്ചിരുന്നു. ഇതു ബിലാല്‍ എന്ന പേരുള്ള ഫേസ്‌ബുക് സുഹൃത്താണെന്നു രേഷ്മ മൊഴി നല്‍കി. എന്നാല്‍ ഇയാളുടെ യഥാര്‍ഥ പേര് അനന്തു പ്രസാദ് എന്നാണെന്നും ഇയാള്‍ വര്‍ക്കല സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു. ഇയാളെ അടുത്തിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ സംഘത്തിലെ ആളാണ് അനന്തു.
ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവര്‍ ഫേസ്‌ബുക് മെസഞ്ചറിലൂടെ ആള്‍മാറാട്ടം നടത്തിയ അനന്തു എന്ന വ്യാജ കാമുകനുമായി അടുപ്പം പുലർത്തിയപ്പോഴും അനന്തു പ്രസാദുമായും രേഷ്മ ചാറ്റ് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇയാളുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നു രേഷ്മ മൊഴി നല്‍കിയിട്ടുണ്ട്. ഗ്രീഷ്മയ്ക്ക് ഈ അനന്തുവിനെ അറിയാമായിരുന്നോ എന്നാണു പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
Post Your Comments