മാരക്കാന: കോപ അമേരിക്കയുടെ ഫൈനലിൽ തങ്ങൾക്ക് അർജന്റീനയെ എതിരാളികളായി വേണമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ പറഞ്ഞത് വൈറലായിരുന്നു. അർജന്റീനയിൽ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. അവരുമായി ഞങ്ങൾ ഫൈനൽ കളിക്കണമെന്നും എന്നാൽ ഫൈനലിൽ ബ്രസീൽ ജയിക്കുമെന്നുമായിരുന്നു ഫൈനലിലേക്ക് കാലെടുത്ത് വെച്ചപ്പോൾ നെയ്മർ പറഞ്ഞത്. എന്നാൽ, നെയ്മറിന്റെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ച് അർജന്റീന കപ്പിൽ മുത്തമിടുകയായിരുന്നു. ഇപ്പോഴിതാ, അർജന്റീനയെയും മെസ്സിയെയും വെല്ലുവിളിച്ച നെയ്മറിനെ ട്രോളുകളാണ് പ്രമുഖർ.
‘അർജൻ്റീനയെ ഫൈനലിൽ കിട്ടണം’ എന്ന നെയ്മറിന്റെ തന്നെ വാക്കുകൾ കടമെടുത്താണ് ടീമിനെ ട്രോളുന്നത്. മെയ്മറിന്റെ കരയുന്ന ചിത്രവും പലരും ഫേസ്ബുക്കുകളിൽ നിറയ്ക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും സമാനമായ ട്രോളാണ് പങ്കുവെച്ചിരിക്കുന്നത്. ബിജെപി നേതാവ് സന്ദീപ് വാചസ്പതിയും നെയ്മറിനെ ട്രോളി രംഗത്ത് വന്നു. ‘കപ്പടിച്ചെങ്കിലും പയ്യന്റെ നിക്കർ കീറിയ അർജന്റീനാ നിലപാട് അംഗീകരിക്കാനാവില്ല, നെയ്മറിന്റെ നിക്കറിനൊപ്പം’ എന്നായിരുന്നു വാചസ്പതിയുടെ ട്രോൾ.
ഇന്ന് നടന്ന ഫൈനലിൽ ഏകപക്ഷീകമായ ഒരു ഗോളിനാണ് അർജന്റീന ബ്രസീലിനെ തകർത്തത്. എയ്ഞ്ചൽ ഡി മരിയ ആണ് വിജയ ഗോൾ നേടിയത്. 28 വര്ഷം നീണ്ട അർജന്റീന ടീമിന്റെയും ആരാധകരുടെയും സ്വപ്നവും കാത്തിരുപ്പുമാണ് ഇന്ന് മാരക്കാനയിൽ സാധ്യമായത്. രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ബ്രസീലിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. കോപ്പ അമേരിക്ക 2021 ൽ അർജന്റീന ചരിത്രത്തിലേക്ക് നടന്നു കയറുമ്പോൾ, കോടിക്കണക്കിനു വരുന്ന ആരാധകരുടെ പ്രാർത്ഥനകളാണ് സഫലമാകുന്നത്. മെസ്സിയ്ക്കും കൂട്ടാളികൾക്കും ഇത് കാത്തിരിപ്പിന്റെ വിരാമമാണ്, 1993 മുതൽക്കുള്ള നീണ്ട കാത്തിരിപ്പിന്റെ വിരാമം.
Post Your Comments