
കണ്ണൂര്‍: കണ്ണൂരില്‍ 15 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ലൈംഗിക ശേഷിയില്ലെന്ന വൈദ്യ പരിശോധന റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തം. റിപ്പോർട്ട് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് വാദം. കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. തലശേരിയില്‍ 15 വയസ് പ്രായമായ പെണ്‍കുട്ടിയെ ഇളയച്ഛനും ഇളയമ്മയും ചേര്‍ന്ന് ഷറാറ ഷറഫുദ്ദീന് കാഴ്ചവച്ചു എന്നതായിരുന്നു കേസ്. തുടര്‍ന്ന് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളുടെ ജാമ്യാപേക്ഷയിലാണ് ലൈംഗിക ശേഷിയില്ലെന്ന റിപ്പോർട്ട് ഉള്ളത്. എന്നാൽ റിപ്പോര്‍ട്ടിനെതിരെ പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ നടപടി ആരംഭിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.നേരത്തെ തന്നെ കേസില്‍ നിന്ന് രക്ഷപ്പെടാനായി ഷറാറ ഷറഫുദ്ദീന്‍ വലിയ രീതിയില്‍ പണം ഉപയോഗിച്ചെന്ന ആരോപണം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ നീക്കം. അതേസമയം പ്രതിയെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
സിപിഎം അഭിഭാഷകനാണ് ഇയാൾക്ക് വേണ്ടി വാദിക്കുന്നതെന്നും റിപോർട്ടുണ്ട്. ലോയേഴ്സ് യൂനിയന്‍ നേതാവും സിപിഎം സഹയാത്രികനുമായ അഭിഭാഷകന്‍ തലശേരിയിലെ അഭിഭാഷകനായ കെ. വിശ്വനാണ് പോക്സോ കേസില്‍ പ്രതിയായ തലശേരി കുയ്യാലി ഷുഡ് ഷെഡ് റോഡില്‍ പ്രവാസി വ്യവസായി ഷറാറ ബംഗ്ളാവില്‍ ഷറഫുദ്ദിനായി പ്രതിഭാഗത്തിനായി കേസെറ്റെടുത്തത്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ പ്രമാദമായ കൊലക്കേസുകളൊക്കെ വാദിച്ചിരുന്നത് വിശ്വന്‍ വക്കീലാണ്.
സെയദാര്‍ പള്ളിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസില്‍ സിപിഎമ്മിനായി കോടതിയില്‍ നിയമയുദ്ധം നടത്തുന്നത് അഡ്വക്കേറ്റ് വിശ്വന്റെ നേതൃത്വത്തിലാണ്. ഷറാറ ഷറഫുദ്ദീന്‍ പ്രതിയായ പോക്സോ കേസില്‍ സിപിഎം ഇരയോടൊപ്പമല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രതിഷേധവുമായി രംഗത്തു വരാന്‍ കാരണം കേസില്‍ കെ. വിശ്വന്റെ സാന്നിദ്ധ്യമാണ്. ഇപ്പോള്‍ പീഡന കേസില്‍ ഇരയായ പെണ്‍കുട്ടിക്കായി കോണ്‍ഗ്രസും മുസ്ലിം ലീഗും മനുഷ്യാവകാശ സംഘടനകളും രംഗത്തു വരാത്തത് ഷറഫുദ്ദീന്റെ സാമ്പത്തിക വലയില്‍ കുടുങ്ങിയതിനാലാണെന്ന് ബിജെപി ആരോപിച്ചു.
Post Your Comments