തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന ആർക്കിടെക്ചർ അഭിരുചി പരീക്ഷയായ നാറ്റയുടെ ഹാൾ ടിക്കറ്റ് ലഭിക്കാതെ കേരളത്തിലെ വിദ്യാർഥികൾ. അതേസമയം ദേശീയതലത്തിൽ നടക്കുന്ന പരീക്ഷ ആയതിനാൽ കേരളത്തിന് മാത്രമായി തീയതി മാറ്റാനാകില്ലെന്ന നിലപാടിലാണ് പരീക്ഷ നടത്തിപ്പ് ഏജൻസിയായ കൗൺസിൽ ഓഫ് ആർക്കിടെക്ചർ. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്ത അയ്യായിരത്തിലേറെ വിദ്യാർഥികൾക്കാണ് ഹാൾ ടിക്കറ്റ് ലഭിക്കാഞ്ഞത്.
കേരളത്തിലെ 8 ജില്ലകളിലായി 20 കേന്ദ്രങ്ങളിൽ പരീക്ഷ നടത്തുമെന്നാണ് കൗൺസിൽ നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, പരീക്ഷാകേന്ദ്രങ്ങൾ ഇന്ന് രാത്രിയോടെ സജ്ജമാക്കുമെന്നും ഹാൾ ടിക്കറ്റ് പ്രിന്റെടുക്കാനുള്ള സൗകര്യം പരീക്ഷാകേന്ദ്രത്തിൽ ഒരുക്കുമെന്നും കൗൺസിൽ ഓഫ് ആർക്കിടെക്ചർ അധികൃതർ വ്യക്തമാക്കി. എന്നാൽ ഹാൾ ടിക്കറ്റ് ലഭിക്കാത്തതും, സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ദിനമായ നാളെ പരീക്ഷ നടത്തുന്നതും വിദ്യാർത്ഥികളെ വലയ്ക്കുന്നുണ്ട്.
രാജ്യത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർക്കിടെക്ചർ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന ‘നാഷണൽ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ’ പരീക്ഷയുടെ ആദ്യസെഷൻ ജനുവരിയിൽ നടന്നിരുന്നു. രണ്ടു പരീക്ഷയിലെയും മികച്ച സ്‌കോർ ആയിരിക്കും പ്രവേശനത്തിനായി പരിഗണിക്കുക.
Post Your Comments