KeralaLatest NewsNews

മോണിറ്ററിംഗ് സംവിധാനത്തിലൂടെ റവന്യൂ തല പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും: പ്രഖ്യാപനവുമായി റവന്യൂ മന്ത്രി

100 ദിന കർമ പരിപാടിയുടെ ഭാഗമായി കുറഞ്ഞത് 12000 പട്ടയങ്ങൾ വിതരണം ചെയ്യും

പാലക്കാട്: തുടർച്ചയായ മോണിറ്ററിംഗ് സംവിധാനത്തിലൂടെ റവന്യൂ തല പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. മന്ത്രിയുടെ പാലക്കാട് സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോണിറ്ററിംഗ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റവന്യൂ സെക്രട്ടറിയേറ്റ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. റവന്യൂ വകുപ്പ് മന്ത്രി അധ്യക്ഷനായി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ, ലാന്റ് റവന്യൂ കമ്മീഷണർ, ഹൗസിംഗ് കമ്മീഷണർ തുടങ്ങി എട്ട് പേരടങ്ങുന്ന സമിതിയാണ് റവന്യൂ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുന്നത്.

Read Also: അകാലനരയ്ക്ക് ചെറുനാരങ്ങ ബെസ്റ്റ് ആണ്, ഇങ്ങനെ ഉപയോഗിക്കണമെന്ന് മാത്രം!

സമിതിയിൽ എല്ലാ ബുധനാഴ്ചയും രാവിലെ പതിനൊന്നിന് റവന്യൂ സെക്രട്ടറി റവന്യൂവകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തും. കൂടാതെ മോണിറ്ററിംഗിന്റെ ഭാഗമായി മാസത്തിൽ ഒരു തവണ ജില്ലാ കളക്ടർമാരുമായും രണ്ടുമാസത്തിലൊരിക്കൽ മറ്റ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കുറഞ്ഞത് 12,000 പട്ടയങ്ങൾ പ്രാഥമികമായി വിതരണം ചെയ്യും. കൂടാതെ നിലവിലുള്ള ഭൂരഹിതരുടെ പ്രശ്‌നങ്ങൾ കൃത്യമായി പരിഗണിക്കണമെന്നും മന്ത്രി റവന്യൂ ഉദ്യോഗസ്ഥരോട് പറഞ്ഞു.

‘സമ്പൂർണ്ണ ഡിജിറ്റലൈസ് സർവേ നടത്തി ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും. കേരള ലാന്റ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1295 കേസുകൾ രണ്ടു വർഷത്തിനകം പൂർത്തീകരിക്കും. ഭൂമിയില്ലാത്തവർക്ക് പട്ടയം നൽകുകയും അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചു പിടിക്കുകയും ചെയ്യും. മിച്ചഭൂമി അനധികൃതമായി കൈവശം വെച്ചതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യും. ഒപ്പം തന്നെ ഭൂവിതരണ നയം രൂപീകരിക്കുമെന്നും’ മന്ത്രി വ്യക്തമാക്കി.

ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഭേദഗതി ചെയ്യുന്നത് പരിഗണിക്കണമെന്ന് ഒറ്റപ്പാലം സബ് കലക്ടർ ആവശ്യപ്പെട്ടു. തുടർന്ന് ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് വ്യക്തതയോടെയും കൃത്യതയോടെയുമുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ അട്ടപ്പാടിയിൽ 429 കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുള്ള ഭൂമിയുടെ വനം വകുപ്പുമായുള്ള പ്രശ്‌നം പരിഹരിക്കാൻ ആവശ്യമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ റവന്യുവകുപ്പ് ഉദ്യോഗസ്ഥർക്കും റവന്യൂ വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്നും സാധാരണ ജനങ്ങൾക്ക് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും റവന്യൂ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിനും കോൾ സെന്ററുകൾ സജീവമാക്കുമെന്നും അദ്ദേഹം വിശദമാക്കി. റവന്യൂ വകുപ്പ്, സർവ്വേ, രജിസ്‌ട്രേഷൻ വകുപ്പുകൾ സംയുക്തമായി ഇ-സംവിധാനം രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മെഴുകുതിരിയോ നേന്ത്രപ്പഴമോ? നിങ്ങൾക്ക് തീരുമാനിക്കാം ഏത് വേണമെന്ന്: വണ്ടിപ്പെരിയാറിൽ സാംസ്കാരിക നായകരോട് യുവമോർച്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button