KeralaLatest News

സ്വർണക്കടത്ത്: മുഹമ്മദ് ഷാഫി അപ്രതീക്ഷിതമായി ചോദ്യം ചെയ്യലിന് ഹാജരായി, കസ്റ്റംസ് മടക്കി അയച്ചു

തീയതി മാറ്റണമെന്നാവശ്യപ്പെട്ട ഷാഫി ഇന്ന് തന്നെ ഹാജരായത് കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചിരുന്നില്ല.

കൊച്ചി: അസൗകര്യം പറഞ്ഞ് തീയതി മാറ്റണമെന്ന അപേക്ഷ നൽകിയ ശേഷം മുഹമ്മദ് ഷാഫി അന്വേഷണ സംഘത്തെ അമ്പരപ്പിച്ച് ചോദ്യം ചെയ്യലിന് ഹാജരായി. കരിപ്പൂർ സ്വർണക്കടത്ത് കേസിലാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പരോളിൽ കഴിയുന്ന ഷാഫി കൊച്ചി കസ്റ്റംസ് ഓഫീസിൽ ഇന്ന് ഹാജരായത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തില്ലാതിരുന്നതിനാൽ ഷാഫിയെ മടക്കി അയച്ചു.

തീയതി മാറ്റണമെന്നാവശ്യപ്പെട്ട ഷാഫി ഇന്ന് തന്നെ ഹാജരായത് കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചിരുന്നില്ല. ചോദ്യം ചെയ്യൽ തീയതി മാറ്റിയതിനാൽ അപ്പോൾ വന്നാൽ മതിയെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. അതേസമയം ചോദ്യം ചെയ്യൽ തിങ്കളാഴ്ചയിൽ നിന്ന് ചൊവ്വാഴ്ചയിലേക്ക് മാറ്റുമെന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട്.

ഇന്ന് ഹാജരാകാനാണ് ഷാഫിയോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ശാരീരിക വിഷമതകളുണ്ടെന്നും തീയതി മാറ്റണമെന്നും അഭിഭാഷകൻ മുഖേന ഷാഫി ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് അടുത്ത തിങ്കളാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകി. പക്ഷെ ഷാഫി ഇന്ന് തന്നെ ഹാജരാവുകയായിരുന്നു.

ഷാഫിയെ ചോദ്യം ചെയ്യുന്നതോടെ കള്ളക്കടത്തിന് പുറകിൽ ആരെന്നത് സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഷാഫിയുടെ ചോദ്യം ചെയ്യലിന് ശേഷം കൊടി സുനിയെ ജയിലിൽ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. എന്നാൽ ഇതിന് നിയമ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button