കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ശ്രീദേവിയെന്ന ഫേസ്ബുക്ക് അക്കൗണ്ടിന് പുറമേ സ്ത്രീകളുടെ പേരില്‍ മറ്റു രണ്ട് വ്യാജ പ്രൊഫൈലുകള്‍ കൂടി ഉപയോഗിച്ചതിന് തെളിവ്. സജ്ന മോള്‍, ശ്രീജ എന്നീ പേരിലാണ് വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചത്. പ്രൊഫൈല്‍ ഉപയോഗിച്ച് നരബലി ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചു. സിദ്ധൻ ചമഞ്ഞുള്ള തട്ടിപ്പിൽ വിശ്വാസ്യത നിലനിർത്താനായിരുന്നു ഷാഫിയുടെ ശ്രമമെന്നാണ് പോലീസിന്റെ നിഗമനം.
ഈ ഐഡികൾ ഉപയോഗിച്ച് കൊണ്ട് ഇയാൾ ഇയാളുടെ വിശ്വാസ്യത നിലനിർത്തുക എന്ന പ്രവർത്തിയാണ് ചെയ്തത്. ആദ്യഘട്ടത്തിൽ ശ്രീദേവി എന്ന പേരിൽ അക്കൗണ്ട് ഉണ്ടാക്കി ഷാഫി തന്നെ ഷാഫിയെ ദമ്പതികൾക്ക് പരിചയപ്പെടുത്തി. പിന്നീട് ഈ പരിചയം ഉപയോഗിച്ച് ഷാഫി ഫോണിൽ സംസാരിക്കുകയും പണം കടം വാങ്ങുകയും ചെയ്തു. ഈ കടം വാങ്ങിയ പണം തിരിച്ച് ചോദിക്കുന്ന ഘട്ടത്തിലാണ് ഷാഫിയെ പിണക്കരുത്, അയാൾക്ക് വിശേഷപ്പെട്ട സിദ്ധിയുണ്ട് എന്നെല്ലാം പറയുന്നത്.
ഈ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാണ് മറ്റ് രണ്ട് വ്യാജ പ്രൊഫൈലുകൾ കൂടി ഷാഫി ഉണ്ടാക്കിയത്. ഷാഫിയെ കുറിച്ച് നല്ല വാക്കുകൾ പറയിപ്പിക്കുക എന്നതാണ് ഈ അക്കൗണ്ടുകൾ വഴി ചെയ്തിരുന്നത്. പണം എപ്പോഴൊക്കെ ഭഗവൽ സിംഗ് തിരിച്ചു ചോദിക്കുന്നുവോ, അപ്പോഴൊക്കെ ഈ അക്കൗണ്ടുകൾ വഴി വിഷയം വഴി തിരിച്ച് വിടുകയാണ് ഷാഫി ചെയ്തിട്ടുള്ളത്. നരബലി ആസൂത്രണം ചെയ്യുന്നതിനായി ആറുമാസമാണ് ചാറ്റുകൾ ചെയ്തിരിക്കുന്നത്. 2021 നവംബറിലാണ് നരബലിയെക്കുറിച്ച് സംസാരിക്കുന്നത്.
ഷാഫി സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ വിദഗ്ധനാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുമായുള്ള തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചു. കൊലപാതകം നടന്ന ദിവസം രാവിലത്തെ സംഭവമാണ് പ്രതിയോടൊപ്പം പൊലീസ് പുനരാവിഷ്‌കരിച്ചത്.സെപ്തംബര്‍ 26 ന് രാവിലെ 9.15 ന് ചിറ്റൂര്‍ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷന്‍ സ്ട്രീറ്റിലേക്ക് പോയി.
ശേഷം സ്‌കോര്‍പിയോ കാറുമായി 9.25-ഓടൊ ചിറ്റൂര്‍ റോഡിലേക്ക് തിരിച്ചെത്തി പത്മയെക്കൂട്ടി ഇലന്തൂരിലേക്ക് പുറപ്പെടുകയായിരുന്നു. ഇരട്ടക്കൊലപാതകത്തിന് മുമ്പ് എറണാകുളത്ത് മറ്റൊരു കൊലപാതകം നടത്തിയതായി ഷാഫി തന്നോട് പറഞ്ഞിരുന്നെന്ന് മൂന്നാം പ്രതി ലൈല പൊലീസിനോട് പറഞ്ഞു. ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ പ്രതികളെ വെവ്വേറെ ചോദ്യം ചെയ്തപ്പോഴാണ് ഒന്നാം പ്രതി ഷാഫിയുടെ മുന്‍കാല ചെയ്തികള്‍ സംബന്ധിച്ച് ലൈല പറഞ്ഞത്. ഇലന്തൂര്‍ നരബലിയ്ക്ക് മുമ്പ് പ്രതികള്‍ കാളീ പൂജ നടത്തിയതായും പ്രതികള്‍ കുറ്റസമ്മതം നടത്തി.
Post Your Comments