ന്യൂഡല്‍ഹി: 30 വര്‍ഷം മുമ്പ് പിതാവ് മാധവറാവു സിന്ധ്യ ഭരിച്ച കേന്ദ്ര വ്യോമയാന വകുപ്പ് ഇപ്പോള്‍ മകന് ജ്യോതിരാദിത്യ സിന്ധ്യയുടെ കൈകളിലേക്ക്. അച്ഛന് കോണ്‍ഗ്രസുകാരനായാണ് മന്ത്രിപദത്തിലേറിയതെങ്കില്‍ മകന് ബി.ജെ.പി ടിക്കറ്റിലാണെന്നുമാത്രം.
ബുധനാഴ്ച രാത്രി വൈകിയാണ് വകുപ്പ് വ്യോമയാനമാണെന്ന വിവരം പുറത്തുവന്നത്. പി.വി. നരസിംഹറാവു സര്‍ക്കാരില്‍ പിതാവ് മാധവറാവു സിന്ധ്യ കൈകാര്യം ചെയ്ത അതേ വകുപ്പ്.
തങ്ങള്‍ അതുവരെ െകാണ്ടുനടന്ന രാഷ്ട്രീയ ആശയത്തില്‍നിന്ന് വഴിമാറി സഞ്ചരിച്ചാണ് ഇരുവരും മന്ത്രിമാരായതെന്ന യാദൃശ്ചികതയും ഇവര്‍ക്കിടയിലുണ്ട്. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് മാധവറാവു ബി.ജെ.പിയുടെ പ്രഥമരൂപമായ ജനസംഘത്തിന്റെ നേതാവായിരുന്നു. പിന്നീടാണ് കോണ്‍ഗ്രസിലെത്തിയത്. മകന് ജ്യോതിരാദിത്യയാകട്ടെ, കോണ്‍ഗ്രസില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് ബിജെപിയില്‍ ചേരുകയായിരുന്നു.
1991 മുതല്‍ 1993 വരെ അദ്ദേഹം വ്യോമയാന, ടൂറിസം മന്ത്രിയായിരുന്നു മാധവ റാവു സിന്ധ്യ. രാജ്യം ഉദാരവല്‍ക്കരണത്തിലേക്ക് കാലെടുത്തുവെച്ച ’91ല്‍ രാഷ്ട്രീയ, സാമ്പത്തിക മേഖല മാറിമറിയുന്ന ഘട്ടത്തിലായിരുന്നു മാധവറാവു സിന്ധ്യക്ക് വ്യോമയാനം ലഭിച്ചത്. ഇപ്പോള്‍, കോവിഡ് പ്രതിസന്ധിയില്‍ ആകാശയാത്രയും അനുബന്ധ വ്യവസായ മേഖലയും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിടുമ്പോള്‍ പ്രസ്തുത വകുപ്പ് മകന് ജ്യോതിരാദിത്യയുടെ ചുമതലയിലായി.
രാജീവ് ഗാന്ധി സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായാണ് മാധവറാവു പ്രവര്‍ത്തിച്ചതെങ്കില്‍ മന്മോഹന് സിംഗ് സര്‍ക്കാരില്‍ വാര്‍ത്താവിനിമയ, ഐടി മന്ത്രിയായാണ് ജ്യോതിരാദിത്യ പ്രവര്‍ത്തിച്ചത്. മധ്യപ്രദേശില്‍ ബി.ജെ.പി.യുടെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യംകുറിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ. ഒരുകാലത്തു രാഹുൽ ഗാന്ധിയുടെ ഏറ്റവും വലിയ വിശ്വസ്തനായ നേതാവായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.
എന്നാല്‍ മുഖ്യമന്ത്രിയായ കമല്‍നാഥുമായുള്ള അഭിപ്രായ വ്യത്യാസങ്ങളേത്തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് അദ്ദേഹം ബിജെപിയിലെത്തിയത്. സിന്ധ്യ അനുയായികള്‍ക്കൊപ്പം ബിജെപിയില്‍ ചേക്കേറിയതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരും നിലംപൊത്തി.
Post Your Comments