കൊല്ലം: അനന്തു എന്ന തന്റെ ഫേസ്ബുക്ക് കാമുകൻ, ബന്ധുക്കളായ ഗ്രീഷ്മ ആര്യ എന്നീ യുവതികൾ തന്നെയായിരുന്നെന്ന വിവരം റിമാൻഡിൽ കഴിയുന്ന പ്രതി രേഷ്മ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് സൂചന. അറസ്റ്റിന് ശേഷം നടന്ന പരിശോധനയിൽ കോവിഡ് പോസിറ്റീവായ രേഷ്മ അട്ടക്കുളങ്ങര വനിതാ ജയിലിൽ കോവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്. ഇവിടേക്ക് കർശന പ്രവേശന നിയന്ത്രണം ഉള്ളതിനാൽ രേഷ്മ വിവരം അറിയാനുള്ള സാധ്യതയില്ലെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, കരിയിലക്കുഴിയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസിൽ വിശദമായി ചോദ്യം ചെയ്യുന്നതിനായി രേഷ്മയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. അറസ്റ്റിലായതിനു പിന്നാലെ രേഷ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിന് കഴിഞ്ഞിരുന്നില്ല.
സംഭവവുമായിബന്ധപ്പെട്ട് രേഷ്മയെ അറസ്റ്റ് ചെയ്ത ദിവസം തന്നെ, പ്രസവിവം നടന്നതും കുട്ടിയെ ഉപേക്ഷിച്ചതുമായ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. രേഷ്മയുടെ അജ്ഞാത ഫേസ്ബുക്ക് കാമുകനായി അഭിനയിച്ച് ചാറ്റിംഗ് നടത്തിയ ബന്ധുക്കളായ ആര്യ ഗ്രീഷ്മ എന്നീ യുവതികളെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടു പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.
മരണപ്പെട്ട ആര്യയും രേഷ്മയും ചേർന്ന് അനന്തു എന്ന പേരിൽ ഫേസ്ബുക്ക് ചാറ്റ് നടത്തി രേഷ്മയെ കബളിപ്പിച്ചിരുന്നു എന്ന വിവരം ആര്യ ഭർതൃ മാതാവിനോടും ഗ്രീഷ്മ സുഹൃത്തിനോടും വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്തിന്റെയും ആര്യയുടെ ഭർതൃ മാതാവിന്റെയും രഹസ്യമൊഴിയാണ് രേഖപ്പെടുത്തുക.
ബാങ്ക് ഉദ്യോഗസ്ഥനായ അനന്തു എന്ന കാമുകനായി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി കഴിഞ്ഞ ഒന്നര വർഷത്തിലേറെ ഇവർ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നു. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. വിഷ്ണുവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും ചാറ്റ് വിവരങ്ങൾ ഫേസ്ബുക്ക് അധികൃതരോട് പോലീസ് ആവശ്യപ്പെട്ടിരുന്നു.
Post Your Comments