അബുദാബി: വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കുടുംബങ്ങൾ നഷ്ട പരിഹാരത്തിന് അർഹരാണെന്നും ഇവരെ സർക്കാർ പട്ടികയിൽ ഉൾപെടുത്താൻ ഇടപെടുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായും നോർക്കയുമായും ബന്ധപ്പെട്ട അധികാരികളുമായും ചർച്ച നടത്താൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു.
ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക ലഭിച്ചാൽ മുഖ്യമന്ത്രിക്ക് അയക്കുമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗനിർദ്ദേശങ്ങളിൽ പ്രവാസികളുടെ വിഷയം ഉൾപെടുത്താൻ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് അതാത് രാജ്യങ്ങളിലെ ഭരണകൂടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസുരക്ഷയും പ്രവാസികൾ അടക്കമുള്ളവരുടെ ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ടാണ് ഗൾഫ് രാജ്യങ്ങൾ യാത്ര നിയന്ത്രണങ്ങൾ ഏർപെടുത്തിയിരിക്കുന്നതെന്നും ഈ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിക്കാൻ പ്രവാസികൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ഗൾഫിലെ ജോലി നഷ്ടപ്പെട്ടും തിരികെയെത്താൻ കഴിയാതെയും നിരവധി പേർ ബുദ്ധിമുട്ടിലാണെന്നും എത്രയും വേഗം യാത്ര വിലക്ക് നീങ്ങണമെന്നാണ് ആഗ്രഹമെന്നും യൂസുഫലി വ്യക്തമാക്കി. അബൂദബിയിൽ മീഡിയ മജ്ലിസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments