
കല്‍പ്പറ്റ: സംസ്ഥാനത്ത് വ്യാപകമായി വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകൾ വിലസുന്നു. വയനാട് ജില്ലയിലെ വിവിധ ലാബുകളുടെ പേരില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ ഇന്റര്‍നെറ്റ് കഫേ ഉടമയെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വ്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഡോട്ട് കോം ഇന്റര്‍നെറ്റ് കഫേ ഉടമ അഞ്ചുകുന്ന് കണക്കശ്ശേരി റിയാസ് (33) ആണ് മാനന്തവാടിയിൽ പിടിയിലായത്.
Also Read:ആമിർ ഖാനും കിരൺ റാവുവും വേർ പിരിയുന്നു: വിവാഹ മോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചു
ജില്ലയിൽ വലിയതോതിൽ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകൾ ലഭ്യമാണെന്ന് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരു വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കുന്നതിന് 200 രൂപ മുതലായിരുന്നു ഈടാക്കിയിരുന്നത്. ഒട്ടേറെ പേര്‍ക്ക് ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയതായാണ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പോലും ഇയാളുടെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പലരും യാത്രകൾ ചെയ്തിട്ടുണ്ട്.
ഗവണ്മെന്റിന്റെ ബാര്‍കോഡ് ഉള്‍പ്പെടെ രേഖപ്പെടുത്തിയായിരുന്നു ഇയാൾ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയിരുന്നത്. ഇതിനായി ഉപയോഗിച്ച കമ്പ്യൂട്ടറും പ്രിന്ററും അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. കഫേ അടച്ചു പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. ഇതരസംസ്ഥാനങ്ങളിലേക്കെല്ലാം യാത്ര ചെയ്യണമെങ്കില്‍ കൊവിഡ് നെഗറ്റീവ് ആണെന്ന് കാണിക്കുന്ന ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാക്കിയിരുന്നു. ഇത് മുതലെടുത്താണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി തുടങ്ങിയതെന്നാണ് പൊലീസ് കരുതുന്നത്. സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ആൾക്കെതിരെ എടുത്ത അതേ നടപടി തന്നെ അത് വാങ്ങി യാത്ര ചെയ്തവർക്കെതിരെയും വേണമെന്ന ആവശ്യവും അറസ്റ്റിനെ തുടർന്ന് ഉയർന്നു വരുന്നുണ്ട്.
Post Your Comments