ബംഗളൂരു: കർണാടകയിൽ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ. സംസ്ഥാനത്ത് അടുത്ത ആഴ്ച മുതൽ വാരാന്ത്യ കർഫ്യൂ ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചു. ദിനംപ്രതിയുള്ള കോവിഡ് കേസുകളിൽ കുറവുണ്ടെങ്കിലും ജാഗ്രത തുടരുമെന്നും കർണാടക സർക്കാർ വ്യക്തമാക്കി. അതേസമയം രാത്രി ഒമ്പത് മുതൽ പുലർച്ച അഞ്ചു വരെയുള്ള രാത്രികാല കർഫ്യൂ അടുത്ത ആഴ്ചയിലും തുടരും.
കണ്ടെയിൻമെന്റിന് പുറത്തുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്യൂഷൻ-കോച്ചിംഗ് സെന്ററുകളും പ്രവർത്തിക്കില്ല. പൊതുഗതാഗതത്തിൽ വാഹനങ്ങളിലെ ഇരിപ്പിടത്തിന് അനുസൃതമായി ആളുകളെ കയറ്റാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കണ്ടെയിൻമെന്റ് സോണുകൾക്ക് പുറത്ത് മാളുകൾ, സിനിമാ തിയേറ്ററുകൾ, റെസ്റ്റോറന്റുകൾ, ഓഫീസുകൾ, മറ്റു കടകൾ എന്നിവയ്ക്ക് നാളെ മുതൽ തുറന്ന് പ്രവർത്തിക്കാം.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സ്വിമ്മിംഗ് പൂളുകളിലേക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. പരിശീലനത്തിനായി സ്പോർട് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും തുറക്കാനും അനുമതിയുണ്ട്. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പൊതു പരിപാടികൾക്ക് കണ്ടെയിൻമെന്റ് സോണുകൾക്ക് പുറത്ത് നടത്താം. വിവാഹ ചടങ്ങുകളിൽ പരമാവധി 100 പേർക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളിൽ 20 പേർക്കാണ് പങ്കെടുക്കാൻ അനുമതി.
Post Your Comments