കോഴിക്കോട്: കിറ്റെക്സും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ പ്രതികരണവുമായി ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളം രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരെയെല്ലാം പടിയടച്ച് പിണ്ഡം വെക്കുകയാണ് ഇടതുപക്ഷമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ നിക്ഷേപകരെ കേരളത്തില്‍ നിന്നും അകറ്റുകയാണ്. വൈരാഗ്യ ബുദ്ധിയോടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനമാണ് 3500 കോടിയുടെ വ്യവസായം തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്നും കിറ്റെക്സ് ഗ്രൂപ്പ് പിന്‍മാറാനിടയാക്കിയതെന്നും അദ്ദേഹം കോഴിക്കോട് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
‘35,000 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംരഭത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണ്. സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങാത്തതാണ് കിറ്റെക്സിന്റെ കുറ്റം. യുപി അടക്കമുള്ള സംസ്ഥാനങ്ങള്‍ അവരെ രണ്ട് കൈയും നീട്ടി സ്വീകരിക്കാന്‍ തയ്യാറായിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും, ചുവപ്പ് നാടയില്‍ നിന്നും വ്യവസായങ്ങളെ രക്ഷപ്പെടുത്തും തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ സര്‍ക്കാരാണിത്’ – കെ.സുരേന്ദ്രന്‍ പറഞ്ഞു.
‘ഇങ്ങനെ എത്ര എത്ര ആത്മഹ്യകളാണ് പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായത്. കിറ്റെക്സ് ഗ്രൂപ്പ് കേരളത്തില്‍ നിന്നും പിന്മാറാന്‍ കാരണം സിപിഎമ്മും സര്‍ക്കാരുമാണ്. എന്തിനും ഏതിനും യുപിയിലേക്ക് ടോര്‍ച്ച് അടിക്കുന്നവര്‍ വ്യവസായരംഗത്ത് കേരളം എത്രാം സ്ഥാനത്താണെന്ന് ചിന്തിക്കണം. തൊഴിലില്ലായ്മയില്‍ കേരളം ഒന്നാമതായിട്ടും ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണ് ഇടത് സര്‍ക്കാര്‍. കിറ്റെക്സുമായി എന്താണ് അഭിപ്രായ വ്യത്യാസമെന്ന് മുഖ്യമന്ത്രി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇത് സിപിഎമ്മും കിറ്റെക്സും തമ്മിലുള്ള പ്രശ്നമല്ല. ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും’ കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments