കോഴിക്കോട്: സംസ്ഥാന ബിജെപി നേതൃത്വത്തില്‍ അഴിച്ചുപണിയ്‌ക്കൊരുങ്ങി കേന്ദ്രനേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി, കോഴ വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന ബിജെപിയില്‍ അഴിച്ചുപണിയ്‌ക്കൊരുങ്ങുന്നത്. എല്ലാ തലത്തിലും സ്വീകാര്യനായ ഒരു വ്യക്തിയെ കണ്ടെത്താനായാല്‍ പ്രസിഡണ്ടിനെ ഉടന്‍ മാറ്റിയേക്കുമെന്നാണ് വിവരം.
Read Also : പിണറായി സർക്കാർ സുരേന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുന്നു, ജനനായകനെ വേട്ടയാടാന്‍ വിട്ടുനല്‍കില്ലെന്ന് ബിജെപി
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സവര്‍ണ്ണ വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് ബി.ജെ.പി അഖിലേന്ത്യ നേതൃത്വത്തിന് ലഭിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് വിശകലന റിപ്പോര്‍ട്ടുകളിലുള്ളത്. ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കുന്നതിനും കേരളത്തില്‍ ബി.ജെ.പിക്കായിട്ടില്ല. ഇതര സംസ്ഥാനങ്ങള്‍ പോലെയല്ല കേരളമെന്നും , ചുരുങ്ങിയത് ക്രിസ്ത്യന്‍ വിഭാഗത്തെയെങ്കിലും കൂടെക്കൂട്ടാന്‍ പാര്‍ട്ടിക്കാവുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാവില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് വിശകലനങ്ങളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത് എന്നാണറിയുന്നത്.
ഒരേസമയം എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ ഒരു വ്യക്തിയാണ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി വരേണ്ടതെന്ന നിലപാടിലേക്ക് അഖിലേന്ത്യ നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത് കേരളത്തില്‍നിന്നു ലഭിച്ചിട്ടുള്ള വ്യത്യസ്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്.
കേരളത്തില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയതിലുള്ള ഉത്തരവാദത്വത്തില്‍നിന്ന് സുരേന്ദ്രന് ഒഴിഞ്ഞുമാറാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം എന്നാണറിയുന്നത്. കൂടാതെ ബിജെപിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ച നിലച്ചെന്നാണ് കേന്ദ്രത്തിന് മുന്നിലെത്തിയ ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിനും വന്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവും റിപ്പോര്‍ട്ടില്‍ ഉയരുന്നുണ്ട്.
ആത്യന്തിക തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയുമായിരിക്കും. ആ തീരുമാനം നടപ്പാക്കുക എന്ന ഉത്തരവാദിത്വമായിരിക്കും ബിജെപി. അഖിലേന്ത്യ പ്രസിഡന്റ് ജെ.പി. നഡ്ഢയ്ക്കുണ്ടായിരിക്കുകയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments