തലശേരി: പതിനഞ്ചുകാരിയെ ബന്ധുക്കളുടെ ഒത്താശയോടെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രവാസി വ്യവസായി ഷറഫുദീന്‍ ഒടുവില്‍ അഴിക്കുള്ളിലായി. ഷറാറ ഗ്രൂപ്പ് ഉടമയും തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവില്‍ ഉച്ചുമ്മല്‍ കുറുവാന്‍കണ്ടി ഷറഫുദീനെ (68) ആശുപത്രിയില്‍ നിന്നും കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റി. പ്രതിക്ക് പരിയാരത്തെ കണ്ണുര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ വി.ഐ.പി റൂമില്‍ വ്യാജ രോഗത്തിന്റെ പേരില്‍ ചികിത്സ നടത്തുന്നുവെന്ന ആരോപണമുയര്‍ന്നതോടെയാണ് പൊലീസ് ജയിലിലേക്ക് മാറ്റിയത്.
Read Also : രാമന്തളിയില്‍ യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഷറഫുദീനെ വ്യാഴാഴ്ച്ച സന്ധ്യയോടെയാണ് കണ്ണൂര്‍ സബ് ജയിലില്‍ അടച്ചത്. ഇവിടെ ഏഴ് ദിവസത്തെ ക്വാറന്റൈനു ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്നുള്ള കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് 25നാണ് ഇളയച്ഛനും ഇളയമ്മയും പ്രലോഭിപ്പിച്ച് 15 വയസുകാരിയെ ഓട്ടോയില്‍ കൂട്ടികൊണ്ടു വന്ന് ഷറാറ ഷറഫുദീന്റെ തലശേരി കുയ്യാലിയിലുള്ള ബംഗ്ളാവിലെത്തിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആള്‍ പാര്‍പ്പില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റി ഷറഫുദീന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്നും ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വിട്ടിലെത്തുകയും പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ബന്ധുവിനോട് പരാതി പറയുകയുമായിരുന്നു.
ബന്ധുവാണ് ചൈല്‍ഡ് ലൈനിന് പരാതി നല്‍കിയത്. ധര്‍മ്മടം പൊലിസാണ് ഷറഫുദ്ദീനെ തലശേരി കുയ്യാലിയിലെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത് . ഇതിനിടെ നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷറഫുദീനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments