കുവൈത്ത് സിറ്റി: അനധികൃത ഒത്തുചേരലുകളില്‍ പങ്കാളികളാകുന്ന വിദേശികളെ നാടുകടത്തുമെന്ന് അറിയിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന വാക്സിനേഷന് കാമ്പയിനെതിരെ കുവൈത്ത് സിറ്റിയിലെ അല്‍ ഇറാദ ചത്വരത്തില്‍ കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധസംഗമത്തില്‍ സ്വദേശികളെ കൂടാതെ നിരവധി വിദേശികളും പങ്കെടുത്തിരുന്നു. ഇത് വ്യക്തമായതോടെയാണ് പുതിയ നടപടിയുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്.
ആഭ്യന്തരമന്ത്രി ശൈഖ് താമിര്‍ അല്‍ അലി അസ്സബാഹ് ആണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. അനധികൃത ഒത്തുചേലുകളില് പങ്കെടുക്കുകയോ കുവൈത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യുന്ന വിദേശികളെ മുന്നറിയിപ്പ് കൂടാതെ നാടുകടത്തുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. കുവൈത്ത് നിയമപ്രകാരം വിദേശികള്‍ പ്രതിഷേധറാലികള്‍ സഘടിപ്പിക്കുന്നതും പ്രകടനം നടത്തുന്നതും കുറ്റകരമാണ്. വാക്സിനേഷനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത ജോര്ഡന് പൗരനെ കഴിഞ്ഞ ദിവസം നാടുകടത്തിയിരുന്നു.
Post Your Comments