തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുടെ അനാസ്ഥയെ തുടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോവിഡ് വന്നു മാറിയതിനു ശേഷം കാർഡിയോളജിയിൽ ചികിത്സയിലായിരുന്ന വേറ്റികൊണം സ്വദേശിനിയായ വീട്ടമ്മയുടെ മരണം ആശുപത്രി ആധികൃതരുടെ അനാസ്ഥ മൂലമാണെന്ന് മകൻ നിധീഷ്. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയെ ശാരീരികമായുള്ള ബുദ്ധിമുട്ടുകൾ കാണിച്ചിട്ടും ഒരു പ്രാഥമിക ചികിത്സയും നൽകിയില്ലെന്ന് യുവാവ് ആരോപിക്കുന്നു. തന്റെ അമ്മക്ക് പറ്റിയ ഈ ദാരുണ അവസ്ഥ ഇനി ഒരു രോഗിക്കും സംഭവിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് യുവാവ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണ ജോർജിനും കത്തയച്ചു.
യുവാവിന്റെ വാക്കുകളിങ്ങനെ:
‘എന്റെ പേര് നിധീഷ്. കഴിഞ്ഞ 27-6-2021 രാത്രി9.30ന് എന്റെ അമ്മയെ നെഞ്ച് വേദനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്യാഷ്വാലിറ്റിയിൽ ചികിത്സക്കായി പ്രേവേശിപ്പിച്ചു. നേരത്തെ കോവിഡ് വന്നു മാറിയതിനു ശേഷം കാർഡിയോളജിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർ നോക്കിയതിനു ശേഷം 17വാർഡിലോട്ട് അയച്ചു. അവിടെ എത്തിയതിനു ശേഷം അമ്മ ശാരീരികമായുള്ള ബുദ്ധിമുട്ടുകൾ കാണിച്ചിട്ടും ഒരു പ്രാഥമിക ചികിത്സയും നൽകിയില്ല. ഡോക്ടർ ആകാൻ പഠിക്കുന്ന 2ആൾക്കാർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പല തവണ അവരോട് പോയി പറഞ്ഞിട്ടും അവർ യാതൊരു ചികിത്സയും നൽകിയില്ല. അവസാനം അവരോട് ദേഷ്യപ്പെട്ടപ്പോൾ ആണ് ഒരു ഡോക്ടർ വന്നു നോക്കിയത്. ഒരു ഇൻജക്ഷൻ കൊടുത്തു, വേദനക്ക് കുറവുണ്ടായില്ല. വെളുക്കുന്നത് വരെ അമ്മ വേദന എടുത്തു പുളഞ്ഞു. ആരും തിരിഞ്ഞു നോക്കിയില്ല. അവസാനം രാവിലെ 8മണിക്ക് ഡ്യൂട്ടി ഡോക്ടർ വന്നപ്പോൾ ആണ് കാർഡിയോളജി icuic (വാർഡ് 22നു അടുത്തുള്ള )അങ്ങോട്ട് മാറ്റിയത്. പിന്നീട് ഓക്സിജൻ അളവ് കുറഞ്ഞു അമ്മയുടെ ബോധം നഷ്ടപെടുകയുണ്ടായി.2മണിയോടെ അമ്മ മരിച്ചു.
കൃത്യ സമയത്തു ചികിത്സ കിട്ടാത്തതിനാലും. രാത്രി ഉണ്ടായിരുന്ന ഡോക്ടർമാരുടെ അലക്ഷ്യമായ പെരുമാറ്റവുമായിരുന്നു മരണത്തിനു കാരണം. എന്റെ അമ്മയെ പോലെ ഒരുപാട് പേര് ഇതുപോലെ ചികിത്സ കിട്ടാതെ ദുരിദം അനുഭവിക്കുന്നുണ്ട്. ഏറ്റവും ഉയർന്ന ചികിത്സ കിട്ടുന്ന മെഡിക്കൽ കോളേജിൽ ഈ അവസ്ഥ ആണേൽ ഞങ്ങളെ പോലെ ജീവന് എന്ത് വില യാണ് ഉള്ളത്. രാത്രിയിലും ഡ്യൂട്ടി ഇല്ലാതെ ഇത്ര അലക്ഷ്യമായി രോഗികളെ ചികിൽസിക്കാതിരുന്നാൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. എന്റെ അമ്മക്ക് പറ്റിയ ഈ ദാരുണ അവസ്ഥ ഇനി ഒരു രോഗിക്കും സംഭവിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു’. – യുവാവ് പറയുന്നു.
Post Your Comments