ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത വാക്സിനായ സ്പുഡ്നിക് ലൈറ്റിന് മൂന്നാം ഘട്ട പരീക്ഷണത്തിന് ഇന്ത്യ അനുമതി നിഷേധിച്ചു. റഷ്യന്‍ വാക്സിന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്താന്‍ ഡോ റെഡ്ഡീസ് ലാബാണ് അനുമതി ചോദിച്ചിരുന്നത്. അപേക്ഷ പരിഗണിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സബ്ജക്റ്റ് എക്സ്‌പെര്‍ട്ട് കമ്മിറ്റി (എസ് ഇ സി) കഴിഞ്ഞ ദിവസം കൂടിയ മീറ്റിംഗിലാണ് ഈ തീരുമാനമെടുത്തത്.
രണ്ട് ഡോസുകള്‍ക്ക് പകരം ഒരു ഡോസ് വാക്സിന്‍ 80 ശതമാനത്തോളം രോഗ പ്രതിരോധ ശേഷി നല്‍കുമെന്നാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സി ഇ ഒ അവകാശപ്പെടുന്നത്. റഷ്യയില്‍ നിന്നും സ്പുട്നിക് അഞ്ച് ഇന്ത്യയിലെത്തിക്കുന്ന ഈ കമ്പനിക്ക്, വാക്സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനും പദ്ധതിയുണ്ട്. സ്പുട്നിക് ലൈറ്റ് വാക്സിന് ഉദ്ദേശം 730 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ച അവസരത്തിലാണ് രണ്ട് ഡോസ് വാക്സിനായ സ്പുട്നികിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത്.
Read Also: ഗ്രേസ് മാർക്ക് കൊടുക്കരുതെന്ന് സർക്കാർ: കായിക താരങ്ങൾക്ക് തിരിച്ചടി
നിലവില്‍ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്പുട്നിക് അഞ്ച് ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്. രണ്ട് ഡോസ് ആയിട്ടെടുക്കേണ്ട സ്പുട്നിക് അഞ്ചില്‍ ഓരോ ഡോസിനും വ്യത്യസ്ത മരുന്നാണ് ഉപയോഗിക്കുന്നത്. ഇതില്‍ ആദ്യത്തേത് പ്രധാന വാക്സിനും രണ്ടാമത്തേത് ബൂസ്റ്ററുമാണ്. എന്നാല്‍ സ്പുട്നിക് ലൈറ്റ് ഒറ്റ ഡോസ് മാത്രം വേണ്ടിവരുന്ന വാക്സിനാണ്. പ്രധാനമായും സ്പുട്നിക് അഞ്ചിലെ ആദ്യ ഡോസില്‍ ഉപയോഗിക്കുന്ന ഘടകങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതിനാവശ്യമായ ശാസ്ത്രീയ തെളിവുകളുടെ അഭാവമാണ് സ്പുട്നിക് ലൈറ്റിന് തിരിച്ചടിയായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments