തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന കോടികളുടെ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം സർക്കാർ അട്ടിമറിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ. വനംകൊള്ളയുമായി ബന്ധപ്പെട്ട് നിരപരാധികളായ ആദിവാസികളെ കള്ളക്കേസിൽ പ്രതിയാക്കി ജയിലിലടയ്ക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പട്ടികവർഗ മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന വനംകൊള്ളയ്ക്കൊപ്പം ക്രൂരമായ ആദിവാസി വഞ്ചനയാണ് നടന്നതെന്നും സുധീർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടേയും വനം-റവന്യൂവകുപ്പ് മന്ത്രിമാരുടേയും അറിവോടെയാണ് പ്രിൻസിപ്പൽ സെക്രട്ടറി മാഫിയകൾക്ക് വേണ്ടി വനംകൊള്ളയ്ക്ക് അനുകൂലമായി ഉത്തരവിറക്കിയതെന്നും ഈ ഉത്തരവ് പ്രകാരം തങ്ങളുടെ പട്ടയ ഭൂമിയിലെ സംരക്ഷിത മരങ്ങൾ ഉൾപ്പെടെ മുറിക്കാമെന്ന് ആദിവാസികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മരങ്ങൾക്ക് വിലയായി ഇടനിലക്കാരും സർക്കാർ ഉദ്യോഗസ്ഥരും ലക്ഷങ്ങൾ കൈപ്പറ്റിയപ്പോൾ ആദിവാസികൾക്ക് ലഭിച്ചത് പതിനായിരത്തിൽ താഴെ രൂപ മാത്രമാണെന്നും, മരം മുഴുവൻ മുറിച്ച് കടത്തിയതിന് ശേഷം അവർക്കെതിരെ കള്ളക്കേസ് ചുമത്തുകയായിരുന്നു എന്നും സുധീർ വ്യക്തമാക്കി. യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനും അഴിമതി മറയ്ക്കാനുമാണ് സർക്കാർ ആദിവാസികൾക്ക് എതിരെ കേസെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദിവാസികൾക്കെതിരായ കള്ളക്കേസുകൾ പിൻവലിച്ച് ഈ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും സുധീർ ആവശ്യപ്പെട്ടു.
Post Your Comments