തൃശൂര്‍: വടക്കാഞ്ചേരി വാഴക്കോട് പ്രവര്‍ത്തനരഹിതമായ ക്വാറിയില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തു. വാഴക്കോട് സ്വദേശികളായ കുണ്ടുവളപ്പില്‍ വീട്ടില്‍ ഉമ്മര്‍ (43), കുറ്റിയം മൂച്ചിക്കല്‍ വീട്ടില്‍ അബൂബക്കര്‍ (43) എന്നിവരെയാണ് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ആദിത്യയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ സിറ്റി സി. ബ്രാഞ്ച് അസി. കമ്മിഷണര്‍ പി. ശശികുമാറും സംഘവും അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തില്‍ ക്വാറി ഉടമയായ നൗഷാദ് മരിച്ചിരുന്നു.
കൂടാതെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മറ്റു അഞ്ച് പേര്‍ക്കും സ്‌ഫോടനത്തില്‍ പരുക്ക് പറ്റിയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്ത ഉടനെയാണ് അന്വേഷണ സംഘം അറസ്റ്റ്‌ചെയ്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
കേസില്‍ ഒന്നാംപ്രതി അബ്ദുള്ള, നൗഷാദ് നടത്തിയിരുന്ന കരിങ്കല്‍ ക്വാറികളില്‍ പാറ പൊട്ടിക്കാനായി അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പോലീസ് പിടികൂടുമെന്ന ഭയത്താല്‍ നശിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നാണു പോലീസ് റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ രാഷ്ട്രീയ ബന്ധവും ആരോപിച്ചിരുന്നു.
അന്വേഷണ സംഘത്തില്‍ എ.സി.പി. പി. ശശികുമാറിനെ കൂടാതെ എസ്.ഐമാരായ കെ.എം. ജിജി, ടി.പി. ജോണ്‍സണ്‍, പി. രാകേഷ്, എ.എസ്.ഐമാരായ എ. ബാബു, പി.ആര്‍. കമല്‍ദാസ്, സി.പി.ഒ. എം.എസ്. ലിഗേഷ് എന്നിവരുണ്ടായിരുന്നു.
Post Your Comments