
തൃശ്ശൂര്‍: തൃശ്ശൂര്‍ ക്വാറി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വൻ ദുരൂഹത.
നിര്‍ണായക മൊഴി പുറത്ത്. രണ്ട് ദിവസം മുമ്പാണ് തൃശ്ശൂര്‍ മുള്ളൂര്‍ക്കര വാഴക്കോട് ക്വാറിയില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. സംഭവത്തില്‍ ഇന്നലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഫോറന്‍സിക്- എക്സ്പ്ലോസീവ് സംഘം സ്ഥലത്തെത്തി നേരത്തെ തന്നെ പരിശോധന നടത്തിയിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണങ്ങളടക്കം ശക്തമായി ഉയരുന്നുണ്ട്.
2018-ല്‍ അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സബ് കളക്ടര്‍ ഈ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചിരുന്നു. ആറു മാസമായി അടച്ചിട്ടിരിക്കുന്ന ക്വാറിയില്‍ എങ്ങനെ സ്ഫോടക വസ്തുക്കള്‍ എത്തിയെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സ്‌ഫോടനം നടന്നതെന്നാണ് മൊഴി. സ്ഫോടനത്തില്‍ പരിക്കേറ്റവരാണ് മൊഴി നല്‍കിയത്. സ്‌ഫോടനത്തില്‍ മരിച്ച നൗഷാദിന്റെ മറ്റൊരു ക്വാറിയില്‍ നിന്ന് കൊണ്ടുവന്നതാണ് സ്‌ഫോടക വസ്തുക്കള്‍ എന്നും ഇവര്‍ പറഞ്ഞു.
പരിക്കേറ്റവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ക്വാറിയില്‍ ആറ് കിലോഗ്രാം വരെ ജലാറ്റിന്‍ സ്റ്റിക്ക് ഉണ്ടായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക കണ്ടെത്തല്‍. വലിയ അളവില്‍ ഡിറ്റണേറ്റര്‍സും സൂക്ഷിച്ചിരുന്നു.മണ്ണിനടിയിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിയിരിക്കാം എന്നാണ് പാറമട ഉടമ അബ്ദുള്‍ സലാം അറിയിച്ചത്.
5 പേര്‍ എന്തിനാണ് രാത്രി പാറമടക്കകത്ത് എത്തിയതെന്നതും ദൂരൂഹമാണ്. മീന്‍ പിടിക്കാന്‍ പോയതാണെന്ന വിശദീകരണം പൊലീസ് മുഖവിലയ്ക്കെടുക്കുന്നില്ല. എന്തു സ്ഫോടകവസ്തുക്കളാണ് അവിടെ ഉണ്ടായിരുന്നത്, സ്ഫോടനത്തിന്‍റെ തീവ്രത എത്ര മാത്രമുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളില്‍ ഫോറന്‍സിക്-എക്സ്പ്ലോക്സീവ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന് ശേഷം വ്യക്തത വരും.
Post Your Comments