കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയെ കുടുക്കി മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് സി.സജേഷിന്റെ മൊഴി. സ്വർണക്കടത്ത് സംഘവുമായി അർജുന് ബന്ധമുണ്ടെന്നുള്ളത് വളരെ വൈകിയാണ് അറിഞ്ഞതെന്ന് സജേഷ് കസ്റ്റംസിന് മൊഴി നൽകി. അര്‍ജുന് വേണ്ടിയാണ് തന്‍റെ പേരില്‍ കാര്‍ വാങ്ങിയത്. കള്ളക്കടത്ത് ബന്ധം അറിഞ്ഞപ്പോള്‍ കാറിന്‍റെ രജിസ്ട്രേഷന്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സജേഷ് പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴിയാണ് അര്‍ജുന്‍ ആയങ്കിയെ പരിചയപ്പെട്ടതെന്നും പിന്നീട് ബ്രണ്ണന്‍ കോളേജിലെ ഒരു സഹപാഠി വഴി നേരിട്ട് സുഹൃത്താവുകയായിരുന്നുവെന്നും സജേഷ് വ്യക്തമാക്കി. സിബില്‍ സ്കോര്‍ കുറവായതിനാൽ വായ്പയെടുത്ത് കാര്‍ വാങ്ങി നല്‍കാന്‍ അർജുൻ ആവശ്യപ്പെട്ടത് പ്രകാരമാണ് കാര്‍ വാങ്ങി നല്‍കിയതെന്നും സജേഷിന്‍റെ മൊഴിയില്‍ പറയുന്നു. കാറിന്‍റെ ഇ.എം.ഐ തുക എല്ലാ മാസവും അര്‍ജുന്‍ ബാങ്ക് അക്കൗണ്ടില്‍ ഇട്ടു നല്‍കാറുണ്ടെന്നും സജേഷ് പറഞ്ഞു.
സജേഷിന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് സ്വര്‍ണക്കടത്ത് ദിവസം അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്ന് കണ്ടെത്തിതോടെയാണ് സജേഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശം നല്‍കിയത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാവാനാണ് സജേഷിനോട് നിര്‍ദേശിച്ചിരുന്നതെങ്കിലും രാവിലെ ഒമ്പത് മണിയോടെ സജേഷ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അര്‍ജുന്‍ പോയത് സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറിലാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ കാര്‍ ഉപേക്ഷിച്ചനിലയില്‍ പിന്നീട് പരിയാരത്തുനിന്ന് കണ്ടെടുത്തു.
അതേസമയം, സ്വർണ്ണമെടുത്തത് ആയങ്കിക്ക് വേണ്ടിയാണെന്ന് കൂട്ടുപ്രതി മുഹമ്മദ് ഷഫീഖ് കസ്റ്റംസിനോട് സമ്മതിച്ചു. സ്വര്‍ണം കൈമാറിയവര്‍ അര്‍ജുന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്ന് ഷഫീഖ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചോളം തവണ അര്‍ജുനുമായി സംസാരിച്ചിരുന്നുവെന്നും ഷഫീഖ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇന്നലെ വൈകുന്നേരം മുതലാണ് രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. സ്വര്‍ണക്കടത്ത് കേസ് അര്‍ജുന് വേണ്ടിയായിരുന്നെന്ന ഷെഫീഖിന്റെ മൊഴി അര്‍ജുന്‍ നിഷേധിച്ചിരുന്നു.
Post Your Comments