വാഷിംഗ്ടണ്‍: പ്രമുഖ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ലിങ്ക്ഡ്ഇന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വലിയ തോതില്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. 92 ശതമാനം ഉപഭോക്താക്കളുടെയും വിവരങ്ങള്‍ ചോര്‍ന്നതായാണ് സൂചന.
ഏകദേശം 756 മില്യണ്‍ ഉപഭോക്താക്കളാണ് ലിങ്ക്ഡ്ഇനിലുള്ളത്. ഇവരില്‍ ഏതാണ്ട് 700 മില്ല്യണ്‍ ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. മൊബൈല്‍ നമ്പറുകള്‍, ഫിസിക്കല്‍ വിലാസങ്ങള്‍, ജിയോലൊക്കേഷന്‍ ഡേറ്റ, പ്രതീക്ഷിക്കുന്ന ശമ്പളം, മുഴുവന്‍ പേര്, ഇമെയില്‍ വിലാസം ലിങ്ക്ഡ്ഇന്‍ യൂസര്‍നെയിം, പ്രൊഫൈല്‍ യുആര്‍എല്‍, ഉപഭോക്താക്കളുടെ മറ്റ് സമൂഹ മാധ്യമ അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നത്. ഇവ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ 22-ാം തീയതി ഹാക്കര്‍ എന്ന് കരുതപ്പെടുന്നയാള്‍ ചോര്‍ത്തിയ വിവരങ്ങള്‍ വില്‍പ്പനയ്ക്കെന്ന് കാണിച്ച് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയിരുന്നു. ഒരു മില്യണ്‍ ആളുകളുടെ വിവര സാമ്പിളുകള്‍ സഹിതമാണ് വില്‍പ്പനയ്ക്ക് വെച്ചത്. 2020-21 കാലയളവിലെ വിവരങ്ങളാണ് ഇവയിലുണ്ടായിരുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ലിങ്ക്ഡ്ഇനിലെ 500 മില്ല്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങളും സമാനമായ രീതിയില്‍ ചോര്‍ന്നിരുന്നു.
Post Your Comments