തിരുവനന്തപുരം: കിഴക്കമ്പലത്ത് പ്രവര്‍ത്തിക്കുന്ന കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികളില്‍ 80 ശതമാനം പേര്‍ക്കും മിനിമം വേതനം നല്‍കുന്നില്ലെന്ന് സംസ്ഥാന തൊഴില്‍ വകുപ്പ്. സംസ്ഥാന സര്‍ക്കാരുമായി 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നുവെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ് ഇന്നലെ അറിയിച്ചിരുന്നു.
ഒരു മാസത്തിനുള്ളില്‍ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റെക്‌സിന്റെ യൂണിറ്റുകളില്‍ പരിശോധന നടത്തിയതെന്നും വീണ്ടും ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരുമായി ഒപ്പുവെച്ച പദ്ധതിയില്‍ നിന്നും കിറ്റെക്‌സ് പിന്മാറുന്നതെന്ന് സാബു ജേക്കബ് പത്രക്കുറിപ്പ് വഴി അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിന്റെ റിപ്പോർട്ടുകൾ പുറത്തു വന്നത്.
20 വര്‍ഷത്തിലേറെയായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുപോലും 9000 മുതല്‍ 12000 രൂപ മാത്രമാണ് നല്‍കുന്നതെന്നാണ് സർക്കാരിന്റെ കണ്ടെത്തല്‍. തൊഴിലാളികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എണ്ണായിരത്തിലേറെ പേര്‍ തൊഴില്‍ ചെയ്യുന്ന ഈ സ്ഥാപനത്തിലെ ആറുമാസത്തെ മിനിമം കൂലി കണക്കാക്കിയാല്‍പ്പോലും കമ്പനി മൂന്നുകോടിയോളം രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നാണ് തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്.
അതേസമയം കൊവിഡ് മഹാമാരിയുടെ അതിതീവ്ര വ്യാപനഘട്ടത്തില്‍പ്പോലും തൊഴിലാളികളുടെ ആരോഗ്യത്തിന് കടുത്ത ഭീഷണിയുയര്‍ത്തുന്ന തൊഴിൽ അന്തരീക്ഷമാണ് കമ്പനിയിലും ലേബര്‍ ക്യാമ്പിലുമുണ്ടായിരുന്നതെന്ന് ആരോഗ്യവകുപ്പും റിപ്പോർട്ട് നൽകി. കാലിത്തൊഴുത്തിന് സമാനമായ ലേബര്‍ ക്യാമ്പുകളിലാണ് തൊഴിലാളികളെ പാര്‍പ്പിച്ചിട്ടുള്ളത്. കമ്പനിയുടേയും ലേബര്‍ ക്യാമ്പുകളുടേയും ശോചനീയമായ അവസ്ഥ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കമ്പനി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയതായും സൂചനയുണ്ട്.
Post Your Comments