ഹൈദരാബാദ്: ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. 27കാരിയായ ഭുവനേശ്വരിയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ശ്രീകാന്ത് റെഡ്ഡി എന്നയാളാണ് അറസ്റ്റിലായത്. തിരുപ്പതി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
അഞ്ച് ദിവസം മുമ്പ് എസ്.വി.ആര്‍.ആര്‍ സര്‍ക്കാര്‍ ആശുപത്രി വളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഭുവനേശ്വരിയുടേതാണെന്ന് കണ്ടെത്തിയത്. ആശുപത്രിയുടെ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അന്വേഷണം ടാക്‌സി ഡ്രൈവറിലേയ്ക്ക് നീണ്ടു. തുടര്‍ന്നാണ് ഭര്‍ത്താവായ ശ്രീകാന്ത് റെഡ്ഡിയാണ് കൊല ചെയ്തതെന്ന് കണ്ടെത്തിയത്.
ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന ഭുവനേശ്വരി 2019ലാണ് ശ്രീകാന്ത് റെഡ്ഡിയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് ഒന്നര വയസുള്ള ഒരു കുട്ടിയുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീകാന്തിന് ജോലി നഷ്ടമായിരുന്നു. ഇതോടെ ഇവര്‍ തിരുപ്പതിയിലേയ്ക്ക് താമസം മാറി. ജോലി നഷ്ടമായതോടെ ശ്രീകാന്ത് മദ്യപാനം ആരംഭിച്ചിരുന്നു. തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ ഭുവനേശ്വരിയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം ഭുവനേശ്വരിയുടെ മൃതദേഹം ടാക്‌സിയില്‍ കയറ്റി ആശുപത്രി വളപ്പില്‍ ഉപേക്ഷിച്ച് ശ്രീകാന്ത് മടങ്ങി. പിന്നീട് തിരികെ എത്തിയ ഇയാള്‍ മൃതദേഹത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഭാര്യ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് മരിച്ചെന്നാണ് ശ്രീകാന്ത് തന്റെ കുടുംബത്തോടും ബന്ധുക്കളോടും പറഞ്ഞിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കോവിഡ് ബാധിച്ചതിനാല്‍ ഭാര്യയുടെ മൃതദേഹം ആശുപത്രി അധികൃതര്‍ സംസ്‌കരിച്ചെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഒളിവില്‍ കഴിയുന്ന ശ്രീകാന്തിനെ കണ്ടെത്താനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
Post Your Comments