Latest NewsKeralaNews

‘സാർ, ചിക്കൻ കഴിച്ചിട്ടു കുറേ നാളായി..’: ആറാം ക്ലാസുകാരന്റെ വാക്കുകൾ കേട്ട് വീട്ടിലെത്തിയ പോലീസ് കണ്ടത്…

സമീപത്തു താമസിക്കുന്ന അധ്യാപികയാണ് സച്ചിന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ നൽകുന്നത്.

മാള: ആറാം ക്ലാസുകാരന്റെ വീട്ടിലെ കാഴ്ച്ച കണ്ട് പൊലീസിന്റെ നെഞ്ചു വിങ്ങി. കോവിഡിൽ ദുരന്തമനുഭവിക്കുന്ന മനുഷ്യരുടെ ജീവിതം ദുരന്തത്തിൽ നിന്ന് ദുരന്തത്തിലേയ്ക്ക് നീങ്ങുകയാണ്. നാടിൻറെ വികസനം പറഞ്ഞു നടക്കുന്ന രാഷ്ട്രിയക്കാർക്കോ, പ്രമാണിമാർക്കോ ചിന്തിക്കാൻ പോലും കഴിയാത്ത ദുരവസ്ഥയിൽ ചില ജീവിതങ്ങൾ…അതിനൊരു ഉദാഹരണമാണ് ആറാം ക്ലാസുകാരന്റെ വാക്കുകൾ കേട്ട പോലീസുകാരന്റെ കരുണ..

‘സാർ, ചിക്കൻ കഴിച്ചിട്ടു കുറേ നാളായി. വാങ്ങിനൽകാൻ ഇപ്പോൾ ആരുമില്ല..’ ഫോണിലൂടെ ആറാം ക്ലാസുകാരൻ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ മാള ജനമൈത്രി പൊലീസിലെ സിപിഒമാരായ സജിത്തിന്റെയും മാർട്ടിന്റെയും നെഞ്ചു വിങ്ങി. ചിക്കനും അത്യാവശ്യം പലചരക്കു സാധനങ്ങളും വാങ്ങി കുട്ടിയുടെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച വിങ്ങലിനെ വേദനയാക്കി മാറ്റി. 5 വർഷമായി തളർന്നു കിടക്കുന്ന അച്ഛനും വീട്ടുവേല ചെയ്തു കുടുംബം പോറ്റുന്ന അമ്മയും പണിതീരാത്ത വീടുമാണ് പൊലീസിനെ വരവേറ്റത്.

Read Also: 50 കോടി ചെലവില്‍ അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍

ക്വാറന്റീനിലിരിക്കുന്നവരുടെ സുഖവിവരം അന്വേഷിക്കാൻ വടമ മേക്കാട്ടിൽ മാധവന്റെ വീട്ടിലേക്കു ജനമൈത്രി സംഘം ഫോണിൽ വിളിച്ചപ്പോഴാണ് ആറാം ക്ലാസുകാരൻ സച്ചിൻ ഫോണെടുത്തത്. സുഖമാണോ, എന്തൊക്കെയുണ്ട് വിശേഷം എന്നു പൊലീസ് തിരക്കിയപ്പോൾ നിഷ്കളങ്കമായി സച്ചിൻ പറഞ്ഞു, ‘ഇവിടെ എല്ലാവർക്കും കോവിഡാണ് സർ’. പഠനമൊക്കെ എങ്ങനെ പോകുന്നു എന്നു ചോദിച്ചപ്പോൾ ‘പഠിക്കാൻ പുസ്തകമോ എഴുതാൻ പേനയോ ഒന്നുമില്ല..’ എന്നു മറുപടി. അതെന്താണെന്നു തിരക്കിയപ്പോൾ വേദനിപ്പിക്കുന്ന കഥ സച്ചിൻ വിശദമാക്കി.

കൂലിപ്പണിക്കാരനായിരുന്ന അച്ഛൻ മാധവൻ 5 വർഷമായി തളർന്നു കിടക്കുകയാണ്. കാൽ നൂറ്റാണ്ടു മുൻപു നിർമാണം പാതിവഴിക്കു നിലച്ച വീട്ടിലാണ് താമസം. അമ്മ ലതിക വീട്ടുജോലിക്കു പോയാണു കുടുംബം നോക്കുന്നത്. മൂന്നു പേർക്കും കോവിഡ് ബാധിച്ചതോടെ ജോലിക്കു പോകാൻ പറ്റാതായി. സമീപത്തു താമസിക്കുന്ന അധ്യാപികയാണ് സച്ചിന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ നൽകുന്നത്. ചിക്കൻ വാങ്ങിക്കൊണ്ടു വന്നാൽ വയ്ക്കാൻ പലചരക്കു സാധനങ്ങളുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു സച്ചിന്റെ വിഷമത്തോടെയുള്ള മറുപടി.

തുടർന്ന് ചിക്കനും പലചരക്കു സാധനങ്ങളുമായി പൊലീസ് വീട്ടിലെത്തി. ചോരുന്ന മേൽക്കൂരയും ജീർണിച്ച വാതിലുകളുമുള്ള വീടിനു മുന്നിൽ നിന്നു സച്ചിൻ പൊലീസിനെ സ്വീകരിച്ചു. അച്ഛൻ മാധവനെ കിടത്തുന്ന കട്ടിൽ കഴിഞ്ഞ ദിവസം ഒടിഞ്ഞു. സമീപവാസി നൽകിയ കട്ടിലിലാണ് ഇപ്പോൾ കിടക്കുന്നത്. സച്ചിന് ഒരു നേരമെങ്കിലും സന്തോഷം പകരാൻ കഴിഞ്ഞ പോലീസുകാരന് ഒരായിരം സല്യൂട്ട്…

shortlink

Related Articles

Post Your Comments

Related Articles


Back to top button