Latest NewsKerala

പീഡനക്കേസ്: പാർട്ടിക്ക് ബന്ധമില്ലെന്നും പാർട്ടി പുറത്താക്കിയെന്നുമുളള ഒറ്റവാചകക്കുറിപ്പ് കൊണ്ട് കൈകഴുകാൻ പറ്റില്ല : രമ

ഏകാധിപത്യം പുലരുന്ന പാർട്ടിയുടെ ചില നേതാക്കളുടെ ഇഷ്ടക്കാരാണെങ്കിൽ എന്ത് ചെയ്താലും പാർട്ടിയിൽ തുടരാം എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് കണ്ണൂരിലും പാലക്കാടും നടന്ന രണ്ട് പീഡനാരോപണങ്ങളും സിപിഎം കൈകാര്യം ചെയ്ത രീതി.

കോഴിക്കോട് : വടകരയിൽ സിപിഎം പ്രവർത്തകയെ പീഡിപ്പിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സ്ഥലം എംഎൽഎ കെ കെ രമ. പരാതിക്കാരിക്ക് പിന്തുണയും സഹകരണവും ഉറപ്പാക്കണം. ഇരയായ സ്ത്രീയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും എംഎൽഎ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പരാതി കിട്ടിയിട്ടും പോലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറാവാത്തത് പ്രതിഷേധാർഹമാണെന്നും രമ പറഞ്ഞു.

സഹപ്രവർത്തകയായ സ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ വടകരയിലെ ഒരു സി.പി.എം പ്രാദേശിക നേതാവിനും ഡിവൈഎഫ്‌ഐ നേതാവിനുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. പാർട്ടിക്ക് ബന്ധമില്ലെന്നും പാർട്ടി പുറത്താക്കിയെന്നുമുളള ഒറ്റവാചകക്കുറിപ്പു കൊണ്ട് കൈ കഴുകാവുന്ന പ്രതിസന്ധിയല്ല, ഇത്തരം കാര്യങ്ങളിൽ സി.പി.എം നേരിടുന്നത്. സംഘടനാധികാരമുപയോഗിച്ച് സഹപ്രവർത്തകരെ തങ്ങളുടെ ഇംഗിതത്തിനു വിധേയമാക്കുന്നു എന്ന ആരോപണമുയർന്ന പാർട്ടീനേതാക്കളെ എങ്ങനെയാണ് പാർട്ടി കൈകാര്യം ചെയ്തത് എന്നത് നാം കണ്ടതാണ്.

ഏകാധിപത്യം പുലരുന്ന പാർട്ടിയുടെ ചില നേതാക്കളുടെ ഇഷ്ടക്കാരാണെങ്കിൽ എന്ത് ചെയ്താലും പാർട്ടിയിൽ തുടരാം എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് കണ്ണൂരിലും പാലക്കാടും നടന്ന രണ്ട് പീഡനാരോപണങ്ങളും സിപിഎം കൈകാര്യം ചെയ്ത രീതി. ഈ വളംവെച്ചു കൊടുക്കൽ പ്രാദേശിക നേതാക്കളെവരെ കൊടും ക്രിമിനലുകളും അധികാര പ്രമത്തതകൊണ്ട് കണ്ണ് കാണാത്തവരുമാക്കി തീർക്കുന്നുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വടകരയിൽ നടന്നതെന്നും രമ ഫേസ്ബുക്കിൽ കുറിച്ചു.

മൂന്ന് മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവവും അതിനെത്തുടർന്നുള്ള ബ്ലാക്ക്‌മെയിലിങ്ങു മടക്കമുള്ള വിഷയങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അവഗണിക്കുകയും ഒതുക്കിത്തീർക്കാനുള്ള ശ്രമവുമാണ് ഉണ്ടായതെന്നാണ് മനസിലാക്കുന്നത്. അതേത്തുടർന്നാണവർ നിയമനടപടികളിലേക്ക് സ്വന്തം നിലയിൽ നീങ്ങിയത്.

നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരാൻ സ്ത്രീയ്ക്ക് ആത്മവിശ്വാസം പകരേണ്ടത് മുഴുവൻ സമൂഹത്തിന്റെയും ബാദ്ധ്യതയാണ്. ഇരയായ സ്ത്രീക്കൊപ്പം നിരുപാധികം നിലയുറപ്പിക്കുന്നുവെന്നും രമ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button