തിരുവനന്തപുരം : പത്തുവര്‍ഷം മുമ്പ് വർക്കലയിൽ നാരങ്ങാവെള്ളം വിറ്റ് ജീവിച്ച പെൺകുട്ടി ഇന്ന് അതേ സ്ഥലം ഉൾക്കൊള്ളുന്ന വർക്കല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റു. ആനി ശിവ എന്ന പൊലീസ് ഓഫീസറുടെ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ഇപ്പോഴിതാ, ആനി ശിവയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ഈ സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളുടെയും ഇരകളായി നമ്മുടെ സഹോദരിമാരും പെൺമക്കളും എരിഞ്ഞടങ്ങുന്ന ഈ കെട്ട കാലത്ത്, പ്രതീക്ഷയുടെ പൊൻകിരണമാണ് ആനി ശിവയുടെ ജീവിതമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. എല്ലാ പ്രതിസന്ധികളെയും എതിർത്ത് സ്വന്തം മകനെയും ചേർത്ത് നിർത്തി ഈ സമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ അവൾ ഒരു ഐക്കൺ ആവുകയാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
വി.ഡി സതീശന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പത്തു വർഷങ്ങൾക്ക് മുൻപ് വർക്കല ശിവഗിരി തീർത്ഥാടനത്തിന് നാരങ്ങാ വെള്ളം വിറ്റു ജീവിച്ച അതേ സ്ഥലത്ത് ഇന്ന് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്, ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാവുക” ഒരു ജീവിതകാലത്തെ മുഴുവൻ പ്രതിസന്ധികളോടും ഒറ്റയ്ക്ക് നിന്ന് പോരാടി ജയിച്ച അവളുടെ വാക്കുകൾ ഒരു സിനിമാക്കഥയിൽ ആണെങ്കിൽ എഴുന്നേറ്റു നിന്ന് കയ്യടിക്കും നമ്മൾ. ആൺകോയ്മയുടെയും, ഈ സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളുടെയും ഇരകളായി നമ്മുടെ സഹോദരിമാരും പെൺമക്കളും എരിഞ്ഞടങ്ങുന്ന ഈ കെട്ട കാലത്ത്, പ്രതീക്ഷയുടെ പൊൻകിരണമാണ് ആനി ശിവയുടെ ജീവിതം. ഇതിനിടയിൽ അനുഭവിക്കാത്തതായി ഒന്നും ഇല്ല. പക്ഷെ അതിനെയെല്ലാം എതിർത്ത് സ്വന്തം മകനെയും ചേർത്ത് നിർത്തി ഈ സമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ അവൾ ഒരു ഐക്കൺ ആവുകയാണ്. ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് പോരാടാനുള്ള പ്രചോദനമാവണം ആനി ശിവ. അധികം വൈകാതെ നേരിട്ട് കണ്ട് എനിക്ക് സബ് ഇൻസ്‌പെക്ടർ ആനി ശിവയെ ഒന്ന് അഭിനന്ദിക്കണം.
Post Your Comments