കോഴിക്കോട്: സ്വര്‍ണ കവര്‍ച്ചാ കേസിൽ നിർണായക കണ്ടെത്തൽ. കേസില്‍ കൊടുവള്ളി സംഘത്തിലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നു. കേസില്‍ പിടിയിലായ കൊടുവള്ളി സംഘത്തിലെ രണ്ട് പേരില്‍ നിന്ന് വിവരം ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചെര്‍പ്പുളശ്ശേരി സംഘവുമായി ഇന്ന് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. സ്വര്‍ണക്കടത്ത് ആസൂത്രകനെന്ന് കസ്റ്റംസ് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിയുടെ മൊഴി നാളെ കസ്റ്റംസ് രേഖപ്പെടുത്തും.
സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ ചെറുപ്പുളശ്ശേരി സംഘവും കൊടുവള്ളി സംഘവുമായുള്ള ബന്ധവും പൊലീസ് കൂടുതല്‍ അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കവര്‍ച്ച ആസൂത്രണ കേസില്‍ കൊടുവള്ളി സംഘത്തിലെ കൊടുവള്ളി സ്വദേശി ഫിജാസും മഞ്ചേരി സ്വദേശി ശിഹാബുമാണ് നിലവില്‍ പൊലീസ് പിടിയിലായത്. ഇവരില്‍ നിന്ന് വിവരം ശേഖരിച്ച് കൊടുവള്ളി സംഘത്തിലെ മറ്റുള്ളവരെക്കൂടി കണ്ടെത്താനാണ് കൊണ്ടോട്ടി ഡി.വൈ.എസ്.പി കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ ശ്രമം. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ള ചെറുപ്പുളശേരി സംഘവുമായി ഇന്നും പൊലീസ് തെളിവെടുപ്പ് നടത്തും.
ചെറുപ്പുളശേരിയിലും ആയുധം ഒളിപ്പിച്ചുവെന്ന് പൊലീസ് കരുതുന്ന സ്ഥലത്തുമാണ് ഇനി തെളിവെടുപ്പ് നടത്തേണ്ടത്. ഈ സംഘത്തെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ നിന്നും സ്വര്‍ണ കവര്‍ച്ച സംബന്ധിച്ച ചിത്രം വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്. ഇതിനിടെ സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റംസ് നാളെ അര്‍ജുന്‍ ആയങ്കിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. അര്‍ജുന്‍റെ മൊഴിയില്‍ നിന്ന് ലഭിക്കുന്ന വിവരത്തില്‍ കണ്ണൂര്‍ സംഘത്തിലെ കൂടുതല്‍ പേരിലേക്ക് എത്താന്‍ കഴിയുമെന്നാണ് കസ്റ്റംസ് കരുതുന്നത്. അര്‍ജുന്‍റെ വാഹനവും കണ്ടെത്തേണ്ടതുണ്ട്.
Post Your Comments