സെവിയ്യ: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ കരുത്തരായ ബെല്‍ജിയത്തെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം ആരംഭിക്കുക.
Also Read: ജമ്മു എയര്‍ ഫോഴ്‌സ് സ്റ്റേഷനിലെ ഇരട്ട സ്‌ഫോടനം: ഭീകരാക്രമണമെന്ന് സംശയം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വ്യക്തിഗത പ്രകടനത്തിലാണ് പോര്‍ച്ചുഗല്‍ ആരാധകര്‍ പ്രതീക്ഷ വെക്കുന്നതെങ്കില്‍ ബെല്‍ജിയത്തിന്റെ കരുത്ത് പ്രതിഭാധനരായ ഒരുപിടി താരങ്ങളാണ്. റൊമേലു ലുക്കാക്കുവും കെവിന്‍ ഡിബ്രൂയിനും ഏദന്‍ ഹസാര്‍ഡുമെല്ലാം മികച്ച ഫോമിലാണ്. ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍ മിലാനെ ചാമ്പ്യന്മാരാക്കിയാണ് ലുക്കാക്കു യൂറോ കപ്പിനെത്തിയത്. എന്നാല്‍, യുവന്റസ് നിറംമങ്ങിയെങ്കിലും റൊണാള്‍ഡോയുടെ ഗോളടി മികവിന് ഒരു കോട്ടവും സംഭവിച്ചട്ടില്ലെന്നതിനാല്‍ യൂറോയില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്.
യൂറോയില്‍ ഇതുവരെ റൊണാള്‍ഡോ അഞ്ച് ഗോളുകളാണ് അടിച്ചുകൂട്ടിയത്. ലുക്കാക്കു മൂന്ന് ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരന്റെ റെക്കോര്‍ഡ് ലക്ഷ്യമിട്ട് ക്രിസ്റ്റ്യാനോ ഇറങ്ങുമ്പോള്‍ ബെല്‍ജിയത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനായാണ് ലുക്കാക്കു എത്തുന്നത്. 96 മത്സരങ്ങളില്‍ നിന്ന് 63 ഗോളുകള്‍ ലുക്കാക്കു സ്വന്തമാക്കിയിട്ടുണ്ട്.
ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയതിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ പോര്‍ച്ചുഗലിനാണ് നേരിയ മുന്‍തൂക്കമുള്ളത്. അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ ഒരു തവണ പോലും പോര്‍ച്ചുഗലിനെ തോല്‍പ്പിക്കാന്‍ ബെല്‍ജിയത്തിന് കഴിഞ്ഞിട്ടില്ല. അവസാനമായി 2018ലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അന്ന് മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചിരുന്നു.
Post Your Comments