കണ്ണൂര്‍: കണ്ണൂരിലെ സഖാക്കളുടെ സ്വര്‍ണക്കടത്തും കുഴല്‍പ്പണ കവര്‍ച്ചയും എ.വി.ജയരാജന്റെ അറിവോടെയെന്ന് കോണ്‍ഗ്രസ്-ലീഗ് മാദ്ധ്യമങ്ങള്‍. സഖാക്കളുടെ സ്വര്‍ണ്ണക്കടത്ത് കുഴല്‍പ്പണ ക്വട്ടേഷനില്‍ പണം നഷ്ടപ്പെട്ടവര്‍ സഹായം തേടിയത് സി.പി.എമ്മിനോടാണെന്നാണ് മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. പണം നഷ്ടപ്പെട്ട കള്ളക്കടത്ത് സംഘം സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സമീപിച്ചുവെന്നാണ് ചന്ദ്രികയും ജയ്ഹിന്ദും ഒരു പോലെ റിപ്പോര്‍ട്ട് നല്‍കിയത് . മൂന്ന് മാസം മുമ്പ് കോഴിക്കോട് കൊടുവള്ളി സ്വദേശികളായ സ്വര്‍ണക്കടത്ത്-കുഴല്‍പ്പണ സംഘം ഒരുകിലോ സ്വര്‍ണം വിട്ടുകിട്ടുന്നതിനായി എം.വി ജയരാജനെ സന്ദര്‍ശിച്ചു സഹായമഭ്യര്‍ത്ഥിച്ചതെന്നുമാണ് മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
പണം നഷ്ടപ്പെട്ടവര്‍ തമ്മിലുള്ള വാട്‌സ് ആപ്പ് ശബ്ദ സന്ദേശത്തിലാണ് എം.വി ജയരാജനെ കണ്ടതായി പറയുന്നത്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണി അര്‍ജുന്‍ ആയങ്കിയും ഉള്‍പ്പെടുന്ന സംഘം സ്വര്‍ണം തട്ടിയത് സി.പി.എം ജില്ലാ സെക്രട്ടറി എംവി ജയരാജന് അറിയാമായിരുന്നുവെന്ന പരോക്ഷവിമര്‍ശനവുമായാണ് വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എമ്മും രംഗത്ത് വന്നു.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വിതരണം ചെയ്യേണ്ട അമ്പത് ലക്ഷം രൂപയുടെ സ്വര്‍ണം അര്‍ജുന്‍ ആയങ്കിയുടെ സംഘം തട്ടിയെടുത്ത സംഭവത്തിലാണ് കോഴിക്കോട് നിന്നുള്ള സംഘം ജയരാജനെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. അര്‍ജുന്‍ ആയങ്കിയുടെ സംഘത്തില്‍ ഉള്‍പ്പെട്ട സഹകരണ ബാങ്ക് ജീവനക്കാരനാണ് 50 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മുങ്ങിയതെന്നായിരുന്നു ഇവരുടെ പരാതി.
സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കടത്ത് സംഘം അഴീക്കോടന്‍ മന്ദിരത്തിലെത്തി സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനെ നേരില്‍ കാണുകയായിരുന്നുവെന്ന് മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കും സ്വര്‍ണ്ണക്കടത്തും, കുഴല്‍പ്പണ ഇടപാടുമായി ബന്ധമുണ്ടെന്ന കാര്യം സി.പി.എം ജില്ലാ സെക്രട്ടറിക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് ഈ ശബ്ദ സന്ദേശത്തിലൂടെ വ്യക്തമാകുന്നതെന്നും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Post Your Comments