തിരുവനന്തപുരം: വസ്ത്ര നിര്‍മ്മാണ സ്ഥാപനമായ വഴുതക്കാട്ടെ വീവേഴ്സ് വില്ലേജില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഉടമ അറസ്റ്റിലായ കേസില്‍ വന്‍ വഴിത്തിരിവ്. സ്ഥാപനത്തിന്റെ ഉടമയായ ശോഭ വിശ്വനാഥിനെ കുടുക്കാന്‍ മുന്‍ സുഹൃത്ത് സ്ഥാപനത്തിലെ പഴയ ജീവനക്കാരുമായി ചേര്‍ന്ന് നടത്തിയ ചതിയായിരുന്നു സംഭവമെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. ജനുവരി 31ന് 850 ഗ്രാം കഞ്ചാവാണ് വീവേഴ്സ് വില്ലേജില്‍ നിന്ന് പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് ഉടമ ശോഭ വിശ്വനാഥിനെ നര്‍കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് ഇവര്‍ക്ക് ബന്ധമുളളയിടങ്ങളില്‍ പരിശോധന നടത്തിയിട്ടും മറ്റ് തെളിവൊന്നും കിട്ടിയില്ല.
തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ശോഭ പരാതി നല്കി. ഇതോടെ ക്രൈം ബ്രാഞ്ച് കേസില്‍ അന്വേഷണം തുടങ്ങി. നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സ്ഥാപനത്തിന് ചീത്തപ്പേരുണ്ടാക്കിയ സംഭവത്തിന് പിന്നില്‍ സ്ഥാപനത്തിലെ ഒരു ജീവനക്കാരിയുടെയും മുന്‍ ജീവനക്കാരന്റെയും സഹായത്തോടെ തിരുവനന്തപുരത്തെ ഒരു ആശുപത്രി ഉടമയുടെ മകനായ ഹരീഷ് ആണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. വിവാഹാഭ്യര്‍ത്ഥന ശോഭ നിരസിച്ചതിലുളള പ്രതികാരമായി സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ വിവേക് രാജിന് ഹരീഷ് 850 ഗ്രാം കഞ്ചാവ് നല്കി. ഇത് സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയുടെ സഹായത്തോടെ വിവേക് രാജ് വീവേഴ്സ് വില്ലേജില്‍ രഹസ്യമായി വച്ചു.
Read Also: പ്രിയങ്കയുടെ മരണം: നടന് രാജന് പി ദേവിന്റെ ഭാര്യ ശാന്തമ്മ ഒളിവില്‍
പിന്നീട് സ്ഥാപനത്തില്‍ ലഹരി വില്പനയുണ്ടെന്ന് രഹസ്യമായി ഹരീഷ് വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ചെത്തുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിവേക് രാജ് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. ഇതോടെ ശോഭ വിശ്വനാഥനെതിരായ കേസ് റദ്ദാക്കി. ഹരീഷിനെയും വിവേകിനെയും പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. വിവേക് പിടിയിലായി. എന്നാല്‍ യു.കെ പൗരത്വമുളള ഹരീഷ് ഒളിവിലാണ്. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്.
Post Your Comments