കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമല സമരകാലത്ത് ആരോ ഓട്ടോറിക്ഷയിൽ ചാരായം കടത്തിയ കേസു വരെ തന്റെ പേരിലാണ് എടുത്തതെന്നും ഇനി സുകുമാരക്കുറുപ്പിന്റെ കേസു കൂടി മാത്രമേ സർക്കാർ തന്റെ തലയിൽ വയ്ക്കാൻ ബാക്കിയുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു. കൊടകരയിലും മഞ്ചേശ്വരത്തുമൊക്കെയായി തെളിയാത്ത എല്ലാ കേസും തന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം ആരോപിക്കുന്നു.
പോലീസിൽ നിന്ന് യാതൊരു നീതിയും ലഭിക്കുന്നില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ വ്യക്തമാക്കിയതാണെന്നും കേരളത്തിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങളും കൊലപാതകങ്ങളും നാൾക്കുനാൾ വർധിച്ചുവരികയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ജനങ്ങളുടെ സമ്മർദ്ദം മൂലം വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവച്ച് പുറത്തു പോയ എം.സി.ജോസഫൈനെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് പുറത്താക്കാൻ സി.പി.എം തീരുമാനമെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഇന്ധനവില ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, സി.പി.എം എന്തുകൊണ്ടാണ് ഇത് എതിർക്കുന്നതെന്ന് നേതാക്കൾ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments