തിരുവനന്തപുരം: രാജ്യത്തെ കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്ത രീതികളിൽ കേരളത്തെയും ഉത്തര്‍പ്രദേശിനേയും താരതമ്യപ്പെടുത്തി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ഉത്തര്‍പ്രദേശില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മൂവായിരത്തിലേക്ക് താഴ്ന്നപ്പോള്‍ കേരളത്തിലത് ഇപ്പോഴും പതിനായിരത്തിന് മുകളിലാണെന്ന് കുമ്മനം കുറ്റപ്പെടുത്തുന്നു. ലോക്ക്ഡൗണ്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ കേരളം പകച്ച് നില്‍ക്കുകയാണ് എന്നും മാധ്യമങ്ങള്‍ യുപിയുടെ നേട്ടങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുമ്മനം രാജശേഖരന്റെ വാക്കുകൾ ഇങ്ങനെ;
‘ ഏപ്രിലില്‍ മൂന്നുലക്ഷത്തിപതിനായിരത്തോളമായിരുന്നു ഉത്തര്‍പ്രദേശിലെ കോവിഡ് ആക്റ്റീവ് കേസുകള്‍. എന്നാല്‍ ഇന്നലെ അത് മുവായിരത്തിലേക്ക് താഴ്ന്നിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ജനനായകന്‍ യോഗി ആദിത്യനാഥിന്റെ ശക്തമായ നിലപാടുകളാണ് ഇത്രയും വലിയൊരു മാറ്റത്തിലേക്ക് എത്താന്‍ അവരെ സഹായിച്ചത്. അതെ സമയം കേരളത്തില്‍ ഇപ്പോഴും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിലാണ്.
കേരളം കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറച്ചു ടി.പി.ആര്‍ നിരക്ക് കുറച്ചു കാണിക്കാന്‍ പരിശ്രമിക്കുകയാണ്. അതേസമയം, ഉത്തര്‍പ്രദേശില്‍ ഇതുവരെ അഞ്ചര കോടിയോളം ആളുകളെ കോവിഡ് ടെസ്റ്റിന് വിധേയരാക്കി. അതിലൂടെ രോഗവ്യാപനം വലിയ തോതില്‍ പിടിച്ചുകെട്ടാന്‍ യുപി സര്‍ക്കാരിനായി.
ലോക്ക്ഡൗണ്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ കേരളം പകച്ച് നില്‍ക്കുകയാണ്. എന്നാൽ പതിമൂവായിരം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും എഴുന്നൂറ് കണ്ടെയ്ന്‍മെന്‍റ് സോണുകളിലേക്ക് ചുരുങ്ങാന്‍ യുപിക്ക് സാധിച്ചത് വന്‍ നേട്ടമാണ്. അതേസമയം എന്തിനും ഏതിനും ഉത്തര്‍പ്രദേശിനെയും യോഗി ആദിത്യനാഥിനെയും കുറ്റം പറയുന്ന ഇവിടത്തെ മാദ്ധ്യമങ്ങള്‍ യുപിയുടെ ഈ നേട്ടം കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?’.
Post Your Comments