കോഴിക്കോട്: സിപിഐഎം നേതാവിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി മുസ്ലിം യൂത്ത് ലീഗ് നേതാവും കൊടുവള്ളി നഗരസഭ കൗണ്‍സിലറുമായിരുന്ന കോഴിശ്ശേരി മജീദിന്റെ വെളിപ്പെടുത്തൽ. സിപിഐഎം താമരശ്ശേരി ഏരിയ കമ്മറ്റി അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ടും കൊടുവള്ളി നഗരസഭ കൗണ്‍സിലറുമായ കെ ബാബുവിനെയാണ് കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയതെന്ന് കോഴിക്കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ മജീദ് വെളിപ്പെടുത്തി.
2013 ജൂലൈയില്‍ കൊടുവള്ളിയില്‍ അബൂബക്കല്‍ സിദ്ദീഖ് എന്ന വ്യക്തി മരണപ്പെട്ടിരുന്നു. സ്വാഭാവിക മരണമായിരുന്ന ഇതിനെ രാഷ്ട്രീയപരമായി ചിത്രീകരിക്കാനും സി പി എം ഏരിയ കമ്മിറ്റി അംഗം കെ.ബാബുവിനെ പ്രതിസ്ഥാനത്തുകൊണ്ടുവരാനും അദ്ദേഹത്തെ വധിക്കാനും മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നന്നിരുന്നുവെന്നാണ് മജീദ് വാർത്താ സമ്മേളത്തിൽ പറഞ്ഞത്. .ബാബുവിനെ വധിക്കാനും അന്നത്തെ ഡിവൈഎഫ് നേതാവ് പ്രദീപനെ വെട്ടി പരിക്കേല്‍പ്പിക്കാനും കൊടുവള്ളി ബാങ്ക് പ്രസിഡന്റിനെ ഭീഷണിപ്പെടുത്താനുമായിരുന്നു പദ്ധതി.
2013 ജൂലൈ 24ന് കൊടുവള്ളി മുനിസിപ്പല്‍ ലീഗ് ഓഫീസില്‍ വെച്ചു ഗൂഢാലോചന നടത്തി. നിലവിലെ മുസ്ലിം ലീഗ് കൊടുവള്ളി മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി കെ.കെ.എ ഖാദര്‍ യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.നസീഫി തുടങ്ങിയവരായിരുന്നു ഗൂഡാലോചനയ്ക്ക് പിന്നിൽ. മുസ്ലിംലിഗ് മുനിസിപ്പല്‍ പ്രസിഡന്റ് വി.അബ്ദുഹാജി ഉള്‍പ്പെട്ട ഭാരവാഹി യോഗം കൃത്യം നടത്താനായി കെകെഎ ഖാദറിനെയും എം നസീഫിനെയും ചുമതലപ്പെടുത്തുകയായിരുന്നു.ലീഗ് ഓഫിസില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായി കെ.കെ.എ ഖാദറും,എം.നസീഫും കോഴിക്കോട് ബീച്ചില്‍ ക്വട്ടേഷന്‍ സംഘവുമായി 2013 ഓഗസ്റ്റ് മാസം രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മജീദ് പറഞ്ഞു.
5 ലക്ഷം രൂപക്കായിരുന്നു ക്വട്ടേഷന്‍. കൊയിലാണ്ടി സ്വദേശി നബീല്‍ എന്ന വ്യക്തിക്ക് കെ.കെ.എ ഖാദറും എം.നസീഫും ചേര്‍ന്ന് 50000 രൂപ അഡ്വാന്‍സ് നല്‍കി. ഇതിനു പിന്നാലെ ക്വട്ടേഷന്‍ സംഘം കെ.ബാബുവിന്റെ വീട്ടിലും പരിസരത്തും മാനിപുരത്തുമായി വെളുത്ത സ്‌കോര്‍പ്പിയോ കാറില്‍ രണ്ടു ദിവസം കറങ്ങി നടന്ന് ബാബുവിനെ തിരിച്ചറിഞ്ഞു. വധിക്കാനുള്ള പദ്ധതി തയ്യാറാക്കി ലീഗ് നേതാക്കളെ വിവരമറിയിച്ചു. കൃത്യം നടത്താമെന്നും എന്നാല്‍ കുറ്റം ഏറ്റെടുക്കാന്‍ 5 പേരെ തയ്യാറാക്കണമെന്നും പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. 5 പ്രതികളെ ലഭിക്കാതിരുന്നതോടെ സംഘം ഇതില്‍ നിന്ന് പിന്മാറുകയാണ് ഉണ്ടായതെന്നും മജീദ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ബാബുവിനെ കൊലപ്പെടുത്തുന്നതിൽ നിന്നും പിന്മാറിയ സംഘം ഡിവൈഎഫ്‌ഐ നേതാവായിരുന്ന പ്രദീപിനെ അക്രമിച്ചിരുന്നു. കൊടുവള്ളി, ഒളവണ്ണ ,പുതുപ്പാടി പഞ്ചായത്തുകളില്‍ സെക്രട്ടറിയായിരുന്ന അജിത റാണിയുടെ അസ്വാഭിക മരണത്തിനു പിന്നിലും ഇതേ സഘവും ഈ ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയവരും തന്നെയാണെന്നും മജീദ് ആരോപിക്കുന്നു. ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നിന്നവര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെടുമെന്നും മജീദ് കോഴിശ്ശേരി ഇന്ന് കോഴിക്കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments